09/04/2026
[fontresizer_tawhidurrahmandear_widget]

‘അലക്‌സാണ്ടറെയും മംഗോളിയരെയും അതിജീവിച്ച് ഇറാൻ ഇവിടത്തന്നെയുണ്ട്’-ട്രംപിന്റെ ഭീഷണിക്ക് മറുപടി

 ‘അലക്‌സാണ്ടറെയും മംഗോളിയരെയും അതിജീവിച്ച് ഇറാൻ ഇവിടത്തന്നെയുണ്ട്’-ട്രംപിന്റെ ഭീഷണിക്ക് മറുപടി

വാഷിങ്ടൺ: ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരകോടിയിലെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി അവസാനിപ്പിക്കുമെന്നും ഇന്ന് രാത്രി ഒരു നാഗരികതയുടെ അന്ത്യം കുറിക്കാൻ പോകുകയാണെന്നുമാണ് ഏറ്റവുമൊടുവിൽ ട്രംപിന്റെ ഭീഷണി. എന്നാൽ, ശക്തമായ ഭാഷയിലാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അലക്‌സാണ്ടർക്കും മംഗോളിയർക്കും ഇറാനെ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനി ഒരു മനോരോഗിക്ക് സാധിക്കാൻ പോകുന്നുമില്ലെന്ന് ഇറാൻ വൃത്തങ്ങൾ തുറന്നടിച്ചു.

ഇറാനിൽ സമ്പൂർണ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്നും തീവ്രചിന്താഗതിക്കാരല്ലാത്ത പുതിയൊരു നേതൃത്വം വരുമെന്നുമായിരുന്നു ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചത്. ‘ഒരു നാഗരികത ഇന്ന് രാത്രി ഇല്ലാതാകും. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും. 47 വർഷത്തെ അഴിമതിയും മരണവും ഇന്ന് രാത്രിയോടെ അവസാനിക്കും,’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ രാത്രിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഭീഷണിക്ക് ചരിത്രത്തെ കൂട്ടുപിടിച്ചാണ് ഇറാൻ മറുപടി നൽകിയത്. ‘അലക്‌സാണ്ടർ ചക്രവർത്തി തീയിട്ടു. മംഗോളിയർ കൊള്ളയടിച്ചു. ചരിത്രം പലതവണ ഞങ്ങളെ പരീക്ഷിച്ചു. പക്ഷേ ഇറാൻ ഇന്നും ഇവിടെത്തന്നെയുണ്ട്. ചരിത്രത്തിന് സാധിക്കാത്തത് ഏതെങ്കിലും ഒരു മനോരോഗിക്ക് അവസാനിപ്പിക്കാൻ കഴിയില്ല,’ ഇറാന്റെ തുർക്കി നയതന്ത്ര കാര്യാലയം വ്യക്തമാക്കി. കാലത്തിന് പോലും ഇല്ലാതാക്കാൻ കഴിയാത്ത തങ്ങളുടെ സംസ്‌കാരത്തെ തകർക്കാൻ ആധുനിക ബോംബുകൾക്ക് കഴിയില്ലെന്നും അധിനിവേശശക്തികളെ തുരത്തിയ ചരിത്രമാണ് തങ്ങൾക്കുള്ളതെന്നും ഇറാൻ വക്താക്കൾ ഓർമിപ്പിച്ചു.

Also read: