02/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ എയർ ഡിഫൻസ് രഹസ്യങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; രഹസ്യരേഖകൾ മിസൈൽ യൂണിറ്റുകൾക്ക് കൈമാറിയതായി റിപ്പോർട്ട്

 ഇസ്രയേൽ എയർ ഡിഫൻസ് രഹസ്യങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; രഹസ്യരേഖകൾ മിസൈൽ യൂണിറ്റുകൾക്ക് കൈമാറിയതായി റിപ്പോർട്ട്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്‌കെ വിൻഡ് ടെക്‌നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ അക്കൗണ്ടും സംഘം ഹാക്ക് ചെയ്തതു നിർണായക വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

ഇസ്രയേലിന്റെ ആകാശ സുരക്ഷാ കവചമായ അയേൺ ഡോം ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങളുടെ പ്രധാന ഓപറേറ്റർമാരാണ് പിഎസ്‌കെ വിൻഡ് ടെക്‌നോളജീസ്. കമ്പനിയുടെ സെർവറുകളിൽനിന്ന് ഏകദേശം 15 ജിബി അതീവ രഹസ്യരേഖകൾ തങ്ങൾ ചോർത്തിയതായി ഹാക്കർമാർ അവകാശപ്പെടുന്നു.

കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെ രൂപരേഖകൾ, ആശയവിനിമയ സംവിധാനങ്ങളുടെ രഹസ്യരേഖകൾ, റഡാർ സംവിധാനങ്ങളുടെ ബ്ലൂപ്രിന്റുകൾ എന്നിവയാണ് ചോർത്തപ്പെട്ട വിവരങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങൾ ഇറാൻ പ്രതിരോധനിരയിലെ മിസൈൽ യൂണിറ്റുകൾക്ക് കൈമാറിയതായി ഹൻദല പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇസ്രയേലിന്റെ സുരക്ഷാ ബോധത്തിന്റെ തകർച്ചയുടെ തുടക്കമാണിതെന്നും ഇനിമുതൽ ഒരു പ്രതിരോധ സംവിധാനവും സുരക്ഷിതമായിരിക്കില്ലെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകി.

കാഷ് പട്ടേലിന്റെ വ്യക്തിഗത ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം അമേരിക്കയെ ഞെട്ടിച്ചിരുന്നു. പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങളും രേഖകളും ഹാക്കർമാർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഹൻദലയുടെ വെബ്‌സൈറ്റിൽ പട്ടേലിന്റെ നൂറുകണക്കിന് ഇമെയിലുകളും സിഗരറ്റ് വലിക്കുന്നതും മറ്റും ഉൾപ്പെടുന്ന സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഡയറക്ടറുടെ ഇ-മെയിൽ ടാർഗെറ്റ് ചെയ്യപ്പെട്ടതായി എഫ്ബിഐയും പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ, ചോർന്ന വിവരങ്ങൾ 2010-2019 കാലഘട്ടത്തിലെ പഴയവയാണെന്നും സർക്കാർ സംബന്ധമായ ഔദ്യോഗിക വിവരങ്ങളൊന്നും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നുമാണ് എഫ്ബിഐ വക്താവ് ബെൻ വില്യംസൺ വിശദീകരിച്ചത്.

അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ മാനസികമായി തളർത്താനും അവർ സുരക്ഷിതരല്ലെന്ന സന്ദേശം നൽകാനുമാണ് ഇറാൻ ഇത്തരം ‘ഹാക്ക് ആൻഡ് ലീക്ക്’ തന്ത്രം പയറ്റുന്നതെന്ന് സൈബർ വിദഗ്ധർ വിലയിരുത്തുന്നു.

ആരാണ് ഹൻദല ഹാക്കേഴ്‌സ്?

ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പായി സ്വയം പരിചയപ്പെടുത്തുന്ന ഹൻദലയെ, ഇറാന്റെ സൈബർ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ഗവേഷകർ വിലയിരുത്തുന്നത്. മിഷിഗൺ ആസ്ഥാനമായുള്ള മെഡിക്കൽ സർവീസ് കമ്പനിയായ ‘സ്ട്രൈക്കർ’, പ്രതിരോധ കമ്പനിയായ ‘ലോക്ഹീഡ് മാർട്ടിൻ’ എന്നിവയുടെ വിവരങ്ങളും സംഘം അടുത്തിടെ ചോർത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന ലോക്ഹീഡ് മാർട്ടിൻ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

മുൻപ് 2016ൽ ജോൺ പോഡെസ്റ്റയുടെയും 2015ൽ സിഐഎ ഡയറക്ടർ ജോൺ ബ്രണ്ണന്റെയും ഇമെയിലുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് സമാനമായ ഗൗരവതരമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ സൈബർ യുദ്ധം ശക്തമാക്കുന്നതിലൂടെ മേഖലയിൽ പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ഇറാൻ.

Also read: