കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് ലോകത്തിൻ്റെ പച്ചപ്പുല്ലിലേക്ക്; 40 വർഷത്തെ കാത്തിരിപ്പിന് വിരാമം; യുദ്ധസമാന സാഹചര്യങ്ങളെ അതിജീവിച്ച് ഇറാഖിന്റെ ലോകകപ്പ് പ്രവേശം
“ബാഗ്ദാദിലെ കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് മെക്സിക്കോയിലെ പച്ചപ്പുല്ലിലേക്ക് പടർന്നത് വെറുമൊരു ഫുട്ബോൾ ടീമല്ല, ഒരു ജനതയുടെ അണയാത്ത ആത്മവീര്യമാണ്”. പശ്ചിമേഷ്യൻ ആകാശങ്ങളിൽ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുമ്പോഴും, വ്യോമപാതകൾ അടഞ്ഞ് ലോകം തന്നെ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചപ്പോഴും, മെസപ്പൊട്ടോമിയൻ സിംഹങ്ങൾ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. നീണ്ട 40 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, 1986-ന് ശേഷം ആദ്യമായി ഇറാഖ് ലോകകപ്പിന്റെ പുണ്യഭൂമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നു!
മെക്സിക്കോയിൽ നടന്ന ആവേശകരമായ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് തകർത്താണ് ഇറാഖ് ചരിത്രമെഴുതിയത്. ലോകകപ്പിന് പന്തുരുളുന്ന 48-ാമത്തെ ടീമായി ഇറാഖ് എത്തിയതോടെ 2026 ലോകകപ്പിന്റെ പൂർണ്ണരൂപമായി.
ഇറാഖിനെ സംബന്ധിച്ച് ഫുട്ബോൾ എന്നത് വെറുമൊരു കായിക വിനോദമല്ല, ബോംബ് സ്ഫോടനങ്ങളും സംഘർഷങ്ങളും തകർത്ത തെരുവുകളിൽ അവർക്ക് ആശ്വസിക്കാനുള്ള ഏക വഴിയാണ്. ബാഗ്ദാദിലെയും ബസ്രയിലെയും തകർന്ന കെട്ടിടങ്ങൾക്കിടയിൽ പന്തുതട്ടി വളർന്ന ഒരു തലമുറയുടെ പ്രതിനിധികളാണ് ഇന്ന് ലോകവേദിയിൽ ബൊളീവിയയെ വീഴ്ത്തിയത്. ഓരോ ഗോളും ഒരു ജനതയുടെ അതിജീവനത്തിന്റെ വിളംബരമാണ്
മത്സരത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങൾ ഇറാഖ് ടീമിന് പ്രതിസന്ധികളുടെ കാലമായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം കാരണം താരങ്ങൾക്കും കോച്ചിനും ഒന്നിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കോച്ച് ഗ്രഹാം അർണോൾഡ് ദുബായിലും താരങ്ങൾ ഇറാഖിന്റെ പല ഭാഗങ്ങളിലുമായി കുടുങ്ങിപ്പോയി. ഇറാഖിന്റെ വ്യോമപാതകൾ അടച്ചതോടെ യാത്ര പോലും അനിശ്ചിതത്വത്തിലായി. പരിശീലനത്തിന് പോലും സമയം ലഭിക്കാത്ത അത്യന്തം പ്രതികൂലമായ സാഹചര്യത്തിലും ഫിഫ മത്സരം നീട്ടിവെക്കാൻ തയ്യാറായില്ല. യുദ്ധസമാനമായ സാഹചര്യത്തിൽ താരങ്ങളെ ഒരുമിപ്പിക്കാൻ പോലും കഴിയാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞത്, “തന്ത്രങ്ങളേക്കാൾ ഉപരി അവരുടെ ഹൃദയമിടിപ്പിലാണ് ഞാൻ വിശ്വസിക്കുന്നത്” എന്നാണ്. ദുബായിൽ തനിച്ചിരുന്ന് ഫോണിലൂടെയും വീഡിയോ കോളിലൂടെയും താരങ്ങൾക്ക് നിർദ്ദേശം നൽകി അദ്ദേഹം നടത്തിയ ടാടിക്സ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. പിന്നീട് പ്രതിസന്ധികളെ മറികടന്ന് മെക്സിക്കോയിൽ പറന്നിറങ്ങിയ ടീം ബൂട്ടുകെട്ടിയിറങ്ങിയത്, തങ്ങളെ ഉറ്റുനോക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയിലേക്കായിരുന്നു.
മത്സരം തുടങ്ങി 10-ാം മിനിറ്റിൽ തന്നെ അലി അൽഹമാദിയിലൂടെ ഇറാഖ് ആദ്യ വെടിയുതിർത്തു. എന്നാൽ 28-ാം മിനിറ്റിൽ മോയ്സസ് പനിയഗ്വയിലൂടെ ബൊളീവിയ തിരിച്ചടിച്ചു. സമനിലയുടെ നിഴലിൽ ഇടവേളയ്ക്ക് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഇറാഖിന്റെ പോരാട്ടവീര്യം ഇരട്ടിച്ചു. 53-ാം മിനിറ്റിൽ ആരാധകരുടെ പ്രിയതാരം അയ്മൻ ഹുസൈൻ വിജയഗോൾ നേടിയപ്പോൾ ഇറാഖിന്റെ മണ്ണിൽ ആഹ്ലാദാരവങ്ങൾ ഉയർന്നു.
“ശരീരം മുഴുവൻ അർപ്പിച്ച്, തികഞ്ഞ ഇറാഖി മനോഭാവത്തോടെ പോരാടിയ എന്റെ താരങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,” – മത്സരശേഷം കോച്ച് ഗ്രഹാം അർണോൾഡ് വികാരാധീനനായി പറഞ്ഞു.
യോഗ്യതയുടെ മധുരം നുണയുമ്പോഴും ഇറാഖിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. ഗ്രൂപ്പ് ഐ-യിൽ കരുത്തരായ ഫ്രാൻസ്, നോർവേ, സെനഗാൽ എന്നിവർക്കൊപ്പമാണ് ഇറാഖ് ഉൾപ്പെട്ടിട്ടുള്ളത്.
1986-ൽ മെക്സിക്കോയിൽ ആദ്യമായി ലോകകപ്പ് കളിക്കുമ്പോൾ മൂന്ന് മത്സരങ്ങളും തോറ്റ ഇറാഖിന്, ഇത്തവണ തങ്ങൾ വെറുമൊരു അതിഥികളല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ആത്മവീര്യമുള്ള ഹൃദയങ്ങളെ തോൽപ്പിക്കാൻ ഒരു യുദ്ധത്തിനും കഴിയില്ല! യുദ്ധം തകർത്ത വീഥികളിൽ നിന്നും ഫുട്ബോൾ മൈതാനത്തിന്റെ പച്ചപ്പിലേക്ക് ഇറാഖ് പന്തുതട്ടുമ്പോൾ, അവർ ലോകത്തിന് നൽകുന്ന സന്ദേശവും ഇതുതന്നെയാണ്.