ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു
തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു.
ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും ഐഡിഎഫും പ്രസ്താവിച്ചു.
ഫെബ്രുവരി 28 മുതൽ ഇറാനെതിരെ തുടരുന്ന സൈനിക നടപടികളുടെ ഭാഗമായാണ് ഈ ആക്രമണം. മുൻപ് നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ, യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ഖാദിമിയുടെ മരണം ഇറാന്റെ രഹസ്യാന്വേഷണ സുരക്ഷാ മേഖലകൾക്ക് വലിയ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.