11/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ കെറി

 ‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ കെറി

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ, ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ വെളിപ്പെടുത്തി മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി. ഇറാനെ സൈനികമായി നേരിടണമെന്ന് ആവശ്യപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ നെതന്യാഹു നിരന്തരം സമീപിച്ചിരുന്നുവെന്നും, അദ്ദേഹം ആവശ്യം നിരസിച്ചെന്നും കെറി വെളിപ്പെടുത്തി. മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ജോ ബൈഡൻ എന്നിവരോടും നെതന്യാഹു നിരന്തരം ഇതേ ആവശ്യമുയർത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഡൊണാൾഡ് ട്രംപ് ആണ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് വഴങ്ങിയതെന്നും ജോൺ കെറി പറഞ്ഞു.

‘ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന് വലിയ താൽപര്യമായിരുന്നു. അദ്ദേഹം ഒബാമയുടെ അടുത്തെത്തി ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രസന്റേഷൻ തന്നെ നടത്തി. എന്നാൽ ഒബാമ ഇതിനു ചെവികൊണ്ടില്ല. ഒബാമ മാത്രമല്ല, ബൈഡനും ബുഷുമൊന്നും അതിന് തയ്യാറായില്ല. എന്നാൽ ഈ നിർദേശം അംഗീകരിച്ച ഏക പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്,’ കെറി വ്യക്തമാക്കി.

ഫെബ്രുവരി 11-ന് വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള സംയുക്ത സൈനിക നീക്കത്തെ കുറിച്ച് നെതന്യാഹു ട്രംപിനു മുന്നിൽ പദ്ധതി അവതരിപ്പിച്ചത്. ‘എനിക്ക് ഇത് കേട്ടിട്ട് നല്ലതാണെന്ന് തോന്നുന്നു’ എന്നായിരുന്നു അന്ന് ട്രംപിന്റെ മറുപടി എന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് വൻ ആക്രമണം ആരംഭിക്കുന്നത്.

ഇറാനിൽനിന്ന് ഉടനടി ഒരു ആണവ ഭീഷണി നിലവിലില്ലെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തിയിരുന്ന സമയത്താണ് ട്രംപ് ആക്രമണത്തിന് പച്ചക്കൊടി കാട്ടിയതെന്ന് കെറി വിമർശിച്ചു. ‘അവിടെ അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നില്ല. എന്നിട്ടും ഇത്രയും വലിയൊരു യുദ്ധത്തിലേക്ക് അമേരിക്കയെ നെതന്യാഹു വലിച്ചിഴച്ചു,’ അദ്ദേഹം പറഞ്ഞു.

നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പാകിസ്താനാണു ചർച്ചയ്ക്കു വേദിയാകുന്നത്. എന്നാൽ, ലബനാനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ ചർച്ചയിൽനിന്നു വിട്ടുനിന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Also read: