24/04/2026
[fontresizer_tawhidurrahmandear_widget]

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

 രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് വിമാനത്താവളം തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ഫെബ്രുവരി 28 മുതൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന വിമാനത്താവളം ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും പ്രവർത്തനസജ്ജമായത്. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മുതൽ ആദ്യഘട്ടമെന്ന നിലയിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കും.

ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ സാങ്കേതിക വിഭാഗം പൂർണമായും പരിഹരിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വളരെ കരുതലോടെ മാത്രമേ മുഴുവൻ സർവീസുകളും വരും ദിവസങ്ങളിൽ പുനഃസ്ഥാപിക്കുകയുള്ളൂ. ഓരോ ഘട്ടത്തിലെയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് വിമാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയ സൗദി അറേബ്യയ്ക്കും മറ്റ് ജിസിസി രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിമാനത്താവളം വീണ്ടും തുറക്കാനുള്ള തീരുമാനം കഴിഞ്ഞ രണ്ട് മാസമായി യാത്രകൾ മുടങ്ങിയിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസ് ഷെഡ്യൂളുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: