02/04/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിൽ പഠിച്ചവർക്ക് ജോലി ഉറപ്പ്, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ, ദാരിദ്ര്യത്തില്‍നിന്ന് മോചനം; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

 കേരളത്തിൽ പഠിച്ചവർക്ക് ജോലി ഉറപ്പ്, കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ, ദാരിദ്ര്യത്തില്‍നിന്ന് മോചനം; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് പുസ്‌തകങ്ങളിലായി തയ്യാറാക്കിയ പത്രിക പ്രകാശനം ചെയ്തത്. ക്ഷേമപെൻഷൻ വർധനയും തൊഴിലുറപ്പും ഉൾപ്പെടെ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.

സാമൂഹിക സുരക്ഷാ മേഖലയ്ക്ക് വലിയ മുൻഗണന നൽകുന്നതാണ് പുതിയ പത്രിക. നിലവിലെ ക്ഷേമ പെൻഷനുകൾ ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കാൻ ലൈഫ് മിഷൻ 2.0 നടപ്പിലാക്കും. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി എടുത്തുമാറ്റി പരിധിയില്ലാത്ത ആനുകൂല്യം ലഭ്യമാക്കുന്ന സാർവത്രിക ആരോഗ്യ പരിരക്ഷയും പത്രിക വാഗ്ദാനം ചെയ്യുന്നു.

വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്

  • ക്യാമ്പസ് പ്ലേസ്‌മെന്റ്: കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഇതിന്റെ ഭാഗമായി 60,000 വിദ്യാർത്ഥികൾക്ക് ഉടൻ ജോലി ലഭ്യമാക്കും.
  • വിദ്യാഭ്യാസ നഗരങ്ങൾ: തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും. കൂടാതെ ഒരു നൈപുണ്യ സർവകലാശാലയും ആരംഭിക്കും.
  • തൊഴിൽ അവസരങ്ങൾ: ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 120 ആയി വർധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും. കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്കും പ്രാദേശിക തൊഴിൽ ഉറപ്പാക്കും.

കേരളത്തിൽ നിന്ന് കേവല ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും.

കാർഷിക മേഖലയിലെ തറവിലയിലും വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്:

  • നെല്ല്: 35 രൂപ
  • നാളികേരം: 45 രൂപ
  • റബ്ബർ: 300 രൂപ

മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും നൽകുന്നതിനുള്ള സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും. പാലുല്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം ‘കേരള ചിക്കൻ’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കും.

അടിസ്ഥാന സൗകര്യവികസനവും മറ്റ് പദ്ധതികളും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പശ്ചാത്തല വികസന മേഖലയിൽ പ്രതീക്ഷിക്കുന്നത്.

  • മെട്രോ റെയിൽ: തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും. കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.
  • ഗതാഗതം: അതിവേഗ തെക്കുവടക്ക് റെയിൽപാതയ്ക്കായുള്ള പരിശ്രമം തുടരും. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ നടപടി സ്വീകരിക്കും.
  • പരിസ്ഥിതി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകും.

കൂടാതെ, ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്നും സർക്കാർ ജീവനക്കാർക്കായി അഡ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുന്നതിനൊപ്പം “ക്ലീൻ പമ്പ” പദ്ധതിയും നടപ്പിലാക്കും.

Also read: