19/04/2026
[fontresizer_tawhidurrahmandear_widget]

‘അമ്മയെ ചികിൽസിച്ച് മടുത്തു’; നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

 ‘അമ്മയെ ചികിൽസിച്ച് മടുത്തു’; നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

ബെംഗളൂരു: രോഗബാധിതയായ അമ്മയെ പരിചരിച്ച് മടുത്തതിനെത്തുടർന്ന് മകൻ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർആർ നഗറിൽ ഇന്നലെ ഉച്ചയോടെയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർആർ നഗറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സാവിത്രിയമ്മ (75) ആണ് മരിച്ചത്.

10 വർഷം മുൻപ് പിതാവ് മരിച്ചതോടെ അമ്മയുടെ ഏക ആശ്രയം വെങ്കിടേഷായിരുന്നു. അഞ്ച് വർഷം മുൻപ് പക്ഷാഘാതം വന്ന് അമ്മ തളർന്ന് കിടപ്പിലായതോടെ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. വർഷങ്ങളായി അമ്മയെ പരിചരിച്ചിട്ടും ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതും, ഒപ്പം നേരിട്ട സാമ്പത്തിക-മാനസിക പ്രയാസങ്ങളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഓരോ ദിവസവും ജീവിതം ദുസ്സഹമാവുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വെങ്കിടേഷിന്റെ ഭാര്യ ജോലിക്ക് പോയ സമയത്താണ് കൃത്യം നടന്നത്. അമ്മയെ എടുത്ത് നാലാം നിലയിൽ കൊണ്ടുപോയ ശേഷം താഴേക്ക് എറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാവിത്രിയമ്മ തൽക്ഷണം മരിച്ചു. ഇതിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ വെങ്കിടേഷ് തന്റെ മുറിയിൽ കയറി കതകടച്ചിരുന്നു.

താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമ വിക്രമാണ് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയത്. നിലത്ത് കിടക്കുന്ന മൃതദേഹം കണ്ട് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ മുറി തുറക്കാൻ വെങ്കിടേഷ് വൈകിയത് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Also read: