20/04/2026
[fontresizer_tawhidurrahmandear_widget]

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കുന്നു; ഇനി മുതൽ സ്റ്റേറ്റ് ബോർഡ് സിലബസ് നിർബന്ധം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

 ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കുന്നു; ഇനി മുതൽ സ്റ്റേറ്റ് ബോർഡ് സിലബസ് നിർബന്ധം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

പ്രതീകാത്മക ചിത്രം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളുടെ പ്രവർത്തനത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. സംസ്ഥാനത്തെ മദ്രസ ബോർഡ് നിർത്തലാക്കുമെന്നും ഈ വർഷം ജൂലൈ മുതൽ എല്ലാ മദ്രസകളിലും ഉത്തരാഖണ്ഡ് സ്റ്റേറ്റ് ബോർഡ് കരിക്കുലം നടപ്പിലാക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹരിദ്വാറിൽ നടന്ന ഒരു പൊതുചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനികവും ഏകീകൃതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിർദ്ദേശിക്കുന്ന പുതിയ സിലബസ് പിന്തുടരാത്ത മദ്രസകൾ അടച്ചുപൂട്ടുമെന്ന കർശന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മദ്രസ ബോർഡ് പിരിച്ചുവിടുകയാണെന്നും 2026 ജൂലൈ മുതൽ പുതിയ പഠനരീതി നിലവിൽ വരുമെന്നുമാണ് ധാമി അറിയിച്ചത്. സയൻസ്, മാത്തമാറ്റിക്സ്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ് മുനി ഉൾപ്പെടെയുള്ള ഹിന്ദു സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, ചടങ്ങിൽ പങ്കെടുത്ത ചില സന്യാസിമാർ കൂടുതൽ തീവ്രമായ ആവശ്യങ്ങൾ ഉന്നയിച്ചത് ശ്രദ്ധേയമായി. മദ്രസകൾ പൂർണ്ണമായും നിർത്തലാക്കണമെന്നും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ‘ദേവഭൂമി’ സംസ്ഥാനങ്ങളിൽ മറ്റ് മതസ്ഥരുടെ സാന്നിധ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി അടക്കമുള്ളവർ ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഈ നീക്കത്തിനെതിരെ മുൻപ് തന്നെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. മദ്രസ ബോർഡ് നിർത്തലാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് അംഗം മൗലാന ഖാലിദ് റാഷിദ് ഫിരംഗി മഹാലി നേരത്തെ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തിൽ പ്രതിപക്ഷ പാർട്ടികളോ മുസ്ലിം സംഘടനകളോ ഔദ്യോഗികമായി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും, സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഈ തീരുമാനം വഴിവെക്കുമെന്ന് ഉറപ്പാണ്.

Also read: