ബദരീനാഥ് സംഭാവനക്കൊള്ള: ക്ഷേത്ര സമിതി ചെയർമാന്റെ പിഎ അറസ്റ്റിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രമോദ് നൗട്ടിയാലിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ വസതിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്ന നൗട്ടിയാലിനെ ഞായറാഴ്ച രാത്രി ചമോലി പൊലീസ് അറസ്റ്റ് ചെയ്ത് ബദരീനാഥിലെത്തിക്കുകയായിരുന്നു. ഇവിടെ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് ചമോലി സീനിയർ പൊലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാർ അറിയിച്ചു. ക്ഷേത്ര സമിതി ഓഫീസർ യുധ്‌വീർ പുഷ്പവാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദരീനാഥ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബദരീനാഥ് ക്ഷേത്രത്തിന്റെയും ഉത്തരാഖണ്ഡിലെ മറ്റ് നിരവധി പ്രധാന ആരാധനാലയങ്ങളുടെയും ഭരണനിർവ്വഹണത്തിന് ഉത്തരവാദിത്തമുള്ള നിയമപരമായ സ്ഥാപനമാണ് ബികെടിസി. കഴിഞ്ഞ ജൂലൈ 2-നാണ് ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ ക്രമക്കേട് നടന്നതായി ആരോപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ വിവാദമായതോടെ അന്വേഷണം നടത്താൻ ക്ഷേത്ര സമിതി മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്ര ഫണ്ടിൽ നിന്ന് ഇയാൾ അനധികൃതമായി പണം കൈക്കലാക്കിയതായി കണ്ടെത്തി. തുടർന്ന് അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ജൂലൈ 7-ന് നൗട്ടിയാലിനെ ഔദ്യോഗിക പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.