21/07/2026
[fontresizer_tawhidurrahmandear_widget]

‘പെൺസുഹൃത്തിന് ഐഫോൺ, സുഹൃത്തുക്കൾക്കായി 19 ലക്ഷം’; രാമക്ഷേത്രക്കൊള്ള ക്കേസ് പ്രതി അവിനാശ് ശുക്ല നയിച്ചത് ആഡംബര ജീവിതമെന്ന് എസ്‌ഐടി

 ‘പെൺസുഹൃത്തിന് ഐഫോൺ, സുഹൃത്തുക്കൾക്കായി 19 ലക്ഷം’; രാമക്ഷേത്രക്കൊള്ള ക്കേസ് പ്രതി അവിനാശ് ശുക്ല നയിച്ചത് ആഡംബര ജീവിതമെന്ന് എസ്‌ഐടി

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി അവിനാശ് ശുക്ല ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കണ്ടെത്തി. കുംഭമേളയ്ക്ക് പിന്നാലെ സുഹൃത്തുക്കൾക്കായി മാത്രം 19 ലക്ഷം രൂപയാണ് ഇയാൾ ചെലവഴിച്ചത്. ഇതിനുപുറമേ പെൺസുഹൃത്തിന് ഐഫോൺ വാങ്ങി നൽകിയതായും, സഹോദരന്റെ വിവാഹത്തിനായി അടുത്തിടെ 10 ലക്ഷം രൂപ ചെലവിട്ടതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.

അവിനാശ് ശുക്ല ജോലി കഴിഞ്ഞ് സ്ഥിരമായി കയ്യിൽ പണവുമായി യോഗ കേന്ദ്രത്തിൽ പോകാറുണ്ടായിരുന്നതായി സഹോദരൻ അഭിഷേക് വെളിപ്പെടുത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭക്തർ ദർശനത്തിന് സഹായിച്ചതിന് സന്തോഷത്തോടെ തരുന്ന പണമാണിതെന്നായിരുന്നു അവിനാശിന്റെ മറുപടി. പിന്നീട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ഇയാൾ വിലക്കുകയും ചെയ്തു. പ്രതിയുടെ ബാങ്ക് ഇടപാടുകളും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അയോധ്യ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

കാണിക്കപ്പണം മോഷണം പോയ പശ്ചാത്തലത്തിൽ രാമക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പണം എണ്ണുന്ന മുറി പൂർണമായും സിസിടിവി നിരീക്ഷണത്തിലാക്കി. ഇനി മുതൽ മേശപ്പുറത്തോ കസേരയിലിരുന്നോ നോട്ട് എണ്ണാൻ പാടില്ലെന്നും, തറയിൽ മെത്തയും പ്ലൈവുഡും വിരിച്ച് മാത്രമേ പണം എണ്ണാവൂ എന്നും നിർദ്ദേശമുണ്ട്. പണം എണ്ണുന്ന സമയത്ത് ജീവനക്കാർ പരസ്പരം സംസാരിക്കുന്നതിനും ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുന്നതിനും നിയന്ത്രണമുണ്ട്. ഇത്തരം ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കാനും കാന്റീനിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് തടയാനും അധികൃതർ തീരുമാനിച്ചു.

Also read: