21/07/2026
[fontresizer_tawhidurrahmandear_widget]

‘രാമക്ഷേത്രത്തിൽ 5കോടി വിലയുള്ള സ്വർണം പൂശിയ ഗ്രന്ഥം നൽകി, ഇപ്പോൾ കാണാനില്ല’; മുൻ ആഭ്യന്തര സെക്രട്ടറി

 ‘രാമക്ഷേത്രത്തിൽ 5കോടി വിലയുള്ള സ്വർണം പൂശിയ ഗ്രന്ഥം നൽകി, ഇപ്പോൾ കാണാനില്ല’; മുൻ ആഭ്യന്തര സെക്രട്ടറി

അയോധ്യ: രാമക്ഷേത്രത്തിൽ 5 കോടി വിലയുള്ള സ്വർണം പൂശിയ രാമചരിതമാനസ് നൽകിയെന്നും ഇപ്പോൾ കാണാനില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ രംഗത്തെത്തി. 2024 ഏപ്രിലിൽ തന്റെ കുടുംബത്തിന്റെ സമ്പാദ്യവും മുഴുവൻ ഉപയോഗിച്ചാണ് 100 കിലോഗ്രാമിലധികം തൂക്കമുള്ളതും സ്വർണ്ണം പൂശിയ നൂറുകണക്കിന് പേജുകളുള്ളതുമായ ഈ വിലയേറിയ ഗ്രന്ഥം ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് അദ്ദേഹം വഴിപാടായി നൽകിയത്. എന്നാൽ ഇത് കൈമാറിയപ്പോൾ യാതൊരുവിധ രസീതും നൽകിയിരുന്നില്ലെന്നും പിന്നീട് ഈ ഗ്രന്ഥത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ തനിക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ലക്ഷ്മിനാരായണൻ വെളിപ്പെടുത്തി. ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാ വഴിപാടുകളും മന്ദിരത്തിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിലെ വഴിപാടുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിലവിൽ അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. രാമക്ഷേത്രത്തിൽ നിന്ന് പണം, സ്വർണം, വെള്ളി എന്നിവ ചോർത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എസ്‌ഐടി ഈ ഗ്രന്ഥം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടോ അതോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് മുൻ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ, രാമക്ഷേത്ര ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണവും ഫോറൻസിക് ഓഡിറ്റും ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിംഗ് സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

മുൻപ് ശിവസേന തലവൻ ഉദ്ദവ് താക്കറെ നൽകിയ 4 കിലോഗ്രാം വെള്ളിക്കട്ട ഉൾപ്പെടെ 200 കിലോഗ്രാമോളം വരുന്ന വെള്ളിക്കട്ടകൾ കാണാതായതായി പ്രതിപക്ഷവും ഇന്ത്യ ബുള്യൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷനും ആരോപണം ഉന്നയിച്ചിരുന്നെങ്കിലും വലിയ തോതിലുള്ള വെള്ളി മോഷണം നടന്നിട്ടില്ലെന്ന് പറഞ്ഞ് സിറ്റ് ഈ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ തിരിച്ചറിയാതിരിക്കാൻ വേണ്ടി പ്രതികൾ അവ ഉരുക്കി ബിസ്‌ക്കറ്റുകളാക്കി മാറ്റിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ സംശയിക്കുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ, വഴിപാടുകൾ എണ്ണുന്ന പ്രക്രിയയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി, വഴിപാടുകളിലെ തട്ടിപ്പ് വാർത്തകൾ ഭക്തരുടെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചതായും ഇത് ഏറെ നാളായി തുടരുന്നതാണെന്ന റിപ്പോർട്ടുകൾ വേദനാജനകമാണെന്നും പ്രതികരിച്ചു.

മോഷണ വിവാദങ്ങളെത്തുടർന്ന് ട്രസ്റ്റ് തങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വഴിപാടുകൾ എണ്ണുന്ന ജീവനക്കാർക്ക് രണ്ട് തലത്തിലുള്ള കർശനമായ സുരക്ഷാ പരിശോധന ഏർപ്പെടുത്തുകയും പണമോ മറ്റ് വിലപിടിപ്പുള്ളവയോ ഒളിപ്പിച്ചു കടത്താതിരിക്കാൻ പോക്കറ്റുകളില്ലാത്ത കടും നീല നിറത്തിലുള്ള പ്രത്യേക യൂണിഫോം നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

Also read: