അയോധ്യയിലെ അഴിമതി; ബിജെപി ശ്രീരാമനെ വിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആരാധന മിശ്ര
ലക്‌നൗ: അയോധ്യയിലെ അഴിമതി ആരോപണങ്ങളെ മുൻ നിർത്തി ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് ആരാധന മിശ്ര. ക്ഷേത്ര നിർമാണം മുതൽ വഴിപാടുകളിൽ വരെ ബിജെപി-ആർഎസ്എസ് അഴിമതി നടത്തിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം അന്നും ഇന്നും ശരിയല്ല, ശ്രീരാമനെ വിൽക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ആരാധന ആരോപിച്ചു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള ക്ഷേത്രത്തിലെ വഴിപാട് വഴി സ്വീകരിച്ച പണത്തിൽ കുറവുണ്ടായതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. കാണിക്കപ്പണത്തിൽ ഏകദേശം അഞ്ച് മുതൽ ഏഴ് കോടി രൂപ വരെയുള്ള കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ഉത്തർപ്രദേശ് സർക്കാർ ലക്‌നൗ മണ്ഡൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഒരു ക്ഷേത്ര ജീവനക്കാരന്റെ വീട്ടിൽ നിന്ന് പത്ത് മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ പോലീസ് കണ്ടെത്തുകയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ഒരു സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ ശമ്പളമുള്ള ചില ജീവനക്കാരുടെ ആസ്തികളിലുണ്ടായ സംശയാസ്പദമായ വർധനവ് അന്വേഷണസംഘം നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ ഒരു ഉദ്യോഗസ്ഥനെ ട്രസ്റ്റ് സസ്‌പെൻഡ് ചെയ്‌തെങ്കിലും, പ്രധാന ഭാരവാഹികൾക്ക് ഇതിൽ പങ്കില്ലെന്നും ഉയർന്നുവന്ന പല ആരോപണങ്ങളും അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്നുമാണ് ട്രസ്റ്റിന്റെ നിലപാട്. പണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെത്തന്നെ, 1989-1990 കാലഘട്ടത്തിലെ രാമക്ഷേത്ര പ്രസ്ഥാനത്തിനിടെ ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, വജ്രം എന്നിവ പതിച്ച 1250 ‘ശ്രീരാമ ശിലകൾ’ കർസേവകപുരത്ത് നിന്ന് കാണാതായെന്ന ധർമ്മസേന സ്ഥാപകൻ സന്തോഷ് ദുബെയുടെ പുതിയ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.
സാധാരണ ശിലകൾ അവിടെയുണ്ടെങ്കിലും മൗറീഷ്യസിൽ നിന്നും മുംബൈയിൽ നിന്നുമുള്ള വ്യാപാരികളിൽ നിന്നും ലഭിച്ച വിലയേറിയ ശിലകളാണ് കാണാതായതായി പറയുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം ക്രമക്കേടുകളെക്കുറിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സമയബന്ധിതമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നത്.