‘ഒടുവിലിനെ തല്ലി, നാഭിക്ക് ചവിട്ടി വീഴ്ത്തി’; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലപ്പി അഷ്റഫ്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആറാം തമ്പുരാൻ’ സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിച്ചുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന വിവരങ്ങൾ അഷ്റഫ് പുറത്തുവിട്ടത്.
ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിക്കുക മാത്രമല്ല, നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യലഹരിയിലായിരുന്ന രഞ്ജിത്ത് മുതിർന്ന നടനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇക്കാര്യം താൻ നേരത്തെ പറഞ്ഞപ്പോൾ, അടി മാത്രമല്ല നാഭിക്കിട്ട് ഒരു തൊഴി കൂടി കൊടുത്താണ് വീഴ്ത്തിയതെന്ന് ചിത്രത്തിന്റെ നിർമാതാവ് ജി സുരേഷ് കുമാർ തന്നെ വിളിച്ചു പറഞ്ഞതായും ആലപ്പി അഷ്റഫ് വ്യക്തമാക്കി. അന്ന് വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ ഭാഗ്യം കൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പ്രമുഖ നിർമാതാവിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അഷ്റഫ് പറയുന്നു. ‘പാവക്കൂത്ത്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഇന്നത്തെ ഒരു പ്രശസ്ത നിർമാതാവിനെ കരണത്തടിക്കുകയും നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. രഞ്ജിത്തിന്റെ സ്വഭാവത്തിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് താൻ മുൻപേ പ്രതികരിച്ചിരുന്നതായും അഷ്റഫ് ഓർമിപ്പിച്ചു.
സിനിമയുടെ മറവിൽ രഞ്ജിത്ത് നടത്തിയ പീഡനലീലകളിൽ ലിംഗഭേദമില്ലെന്നും മൃഗങ്ങളോട് പോലും ഇത്തരത്തിൽ പെരുമാറുന്ന വൈകൃതം ഇയാൾക്കുണ്ടെന്നും ആലപ്പി അഷ്റഫ് ആരോപിച്ചു. അഹങ്കാരം മൂർധന്യത്തിലെത്തിയപ്പോൾ സമൂഹത്തോട് പ്രതിബദ്ധതയില്ലെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് രഞ്ജിത്ത്. അധികാരത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിൽ ഇത്രയും കാലം രക്ഷപ്പെട്ട സംവിധായകന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർഹിച്ച ശിക്ഷയാണെന്നും, പരാതി നൽകാൻ തയ്യാറായ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.