19/04/2026
[fontresizer_tawhidurrahmandear_widget]

ടൈറ്റാനിക് ചരിത്രശേഷിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റുപോയത് 9 കോടിക്ക്

 ടൈറ്റാനിക് ചരിത്രശേഷിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റുപോയത് 9 കോടിക്ക്

ലണ്ടൻ: ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ ചരിത്രശേഷിപ്പുകൾ ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ലേലത്തിലെ പ്രധാന ആകർഷണമായത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെൻറി ആൽഡ്രിഡ്‌ജ് ആൻഡ് സൺ ലേല കമ്പനി വഴി നടന്ന ലേലത്തിൽ ഏകദേശം ഒൻപത് കോടി രൂപയ്ക്കാണ് (6,70,000 പൗണ്ട്) ഈ ലൈഫ് ജാക്കറ്റ് വിറ്റുപോയത്. ലോറയുടെയും അവരോടൊപ്പം രക്ഷപ്പെട്ട മറ്റ് യാത്രക്കാരുടെയും ഒപ്പുകൾ രേഖപ്പെടുത്തിയ ഈ ജാക്കറ്റ് ഫോണിലൂടെ ലേലത്തിൽ പങ്കെടുത്ത ഒരാളാണ് സ്വന്തമാക്കിയത്.

പ്രശസ്ത ഫാഷൻ ഡിസൈനർ ലൂസി ഡഫ് ഗോർഡനും ഭർത്താവ് കോസ്മോ ഡഫ് ഗോർഡനുമൊപ്പമായിരുന്നു ലോറ ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നത്. ദുരന്തസമയത്ത് ഇവർ ലൈഫ് ബോട്ട് നമ്പർ ഒന്നിലായിരുന്നു രക്ഷപ്പെട്ടത്. ഈ ലേലത്തിൽ ലൈഫ് ജാക്കറ്റിന് പുറമെ ടൈറ്റാനിക്കിലെ മറ്റ് ചില വസ്തുക്കളും വൻ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടു. ടൈറ്റാനിക് ലൈഫ് ബോട്ടിലുണ്ടായിരുന്ന ഒരു സീറ്റ് കുഷ്യൻ ഏകദേശം 4.88 കോടി രൂപയ്ക്കാണ് (3,90,000 പൗണ്ട്) വിറ്റുപോയത്. അമേരിക്കയിലെ ടെന്നസി, മിസോറി എന്നിവിടങ്ങളിലെ ടൈറ്റാനിക് മ്യൂസിയം ഉടമകളാണ് ഈ കുഷ്യൻ ലേലത്തിൽ എടുത്തത്.

1912 ഏപ്രിൽ 15-ന് ഇംഗ്ലണ്ടിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ മഞ്ഞുമലയിൽ ഇടിച്ചായിരുന്നു ടൈറ്റാനിക് തകർന്നത്. ദുരന്തത്തിൽ കപ്പലിലുണ്ടായിരുന്ന 1,500 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ ചരിത്രശേഷിപ്പുകളുടെ ലേലത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയിട്ടുള്ളത് യാത്രക്കാരെ രക്ഷിച്ച കാർപാത്തിയ കപ്പലിലെ ക്യാപ്റ്റന്റെ സ്വർണവാച്ചാണ്. 2024-ൽ നടന്ന ലേലത്തിൽ ഏകദേശം 19.55 കോടി രൂപയ്ക്കാണ് ഇത് വിറ്റുപോയത്.

Also read: