തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു
തൃശൂർ: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും അമ്മയും മൂന്നു വയസുള്ള മകനും ദാരുണമായി കൊല്ലപ്പെട്ടു. ചാവക്കാട് സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്‌ന, മകൻ അമീൻ എന്നിവരാണ് മരിച്ചത്. സൗദിയിൽ ജോലി ചെയ്തിരുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വിവാഹ വിരുന്നിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ഇന്നലെ രാത്രി 11.40 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനും പോസ്റ്റിനുമിടയിൽ പെട്ടാണ് അമ്മയും കുഞ്ഞും തൽക്ഷണം മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മുനീർ തെറിച്ചുവീണു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.