02/04/2026
[fontresizer_tawhidurrahmandear_widget]

സ്ത്രീകൾക്ക് സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, യുവജനങ്ങൾക്ക് വായ്പ; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

 സ്ത്രീകൾക്ക് സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, യുവജനങ്ങൾക്ക് വായ്പ; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള പത്രിക കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, ഇന്ദിര ഗ്യാരണ്ടി എന്ന പേരിൽ ആറിന സുപ്രധാന വാഗ്ദാനങ്ങളും പത്രികയിലുണ്ട്.

സാധാരണക്കാരുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളാണ് പ്രകടന പത്രികയുടെ മുഖ്യാകർഷണം.

  • സൗജന്യ യാത്ര: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ പൂർണമായും സൗജന്യ യാത്ര.
  • ക്ഷേമ പെൻഷൻ: നിലവിലെ ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കും.
  • വിദ്യാർത്ഥിനികൾക്ക് കൈത്താങ്ങ്: കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം.
  • ഉമ്മൻചാണ്ടി ഇൻഷുറൻസ്: പരേതനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്.
  • യുവജനങ്ങൾക്ക് വായ്പ: ബിസിനസ്സ് ആരംഭിക്കാൻ യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
  • മുതിർന്ന പൗരന്മാർ: ഇവരുടെ ക്ഷേമത്തിനായി പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും.

ആരോഗ്യ രംഗത്ത് ‘ജിപ്‌മെർ’ മാതൃകയിൽ ബില്ലില്ലാത്ത ആശുപത്രികൾ സ്ഥാപിക്കുമെന്നതാണ് ശ്രദ്ധേയമായ വാഗ്ദാനം. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ‘ബെഡ് അവരുടെ അവകാശം’ എന്ന നിയമം കൊണ്ടുവരും. ഡയാലിസിസ് പൂർണമായും സൗജന്യമാക്കുന്നതിനൊപ്പം മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ ആരംഭിക്കാനും കാരുണ്യ, ശ്രുതിതരംഗം പദ്ധതികൾ പുനരാരംഭിക്കാനും പത്രിക വിഭാവനം ചെയ്യുന്നു.

വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കും. ക്യാമ്പസുകളിലെ റാഗിങ് തടയാൻ സിദ്ധാർത്ഥൻ ആന്റി റാഗിങ് ആക്ടും സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പും നടപ്പിലാക്കും. അന്താരാഷ്ട്ര തൊഴിൽ വിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ സ്ഥാപിക്കും. കൂടാതെ യുവാക്കൾക്കായി യുവശ്രീ പദ്ധതിയും ആവിഷ്കരിക്കും.

കാർഷിക-വികസന മേഖല

  • റബ്ബർ തറവില: റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കും. സിയാൽ മാതൃകയിൽ റബ്ബർ കമ്പനി സ്ഥാപിക്കും.
  • നെല്ല് സംഭരണം: നെല്ലിന് 35 രൂപ സംഭരണ വില നൽകും.
  • യാത്രാസൗകര്യം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ വിപുലീകരിക്കും.
  • ഇന്ദിര കാന്റീൻ: വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകളും കമ്മ്യൂണിറ്റി കിച്ചണുകളും സ്ഥാപിക്കും.

ഭരണപരിഷ്കാരവും വിശ്വാസ സംരക്ഷണവും

വിശ്വാസ സംരക്ഷണത്തിനായി പ്രത്യേക നിയമം പാസാക്കുമെന്ന് യുഡിഎഫ് ഉറപ്പുനൽകുന്നു. അഴിമതി തടയാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ, മതസൗഹാർദ്ദത്തിനായി മിനിസ്ട്രി ഓഫ് ടോളറൻസ് എന്നിവയും രൂപീകരിക്കും. തീരദേശ നിവാസികൾക്ക് പട്ടയം നൽകുന്നതിനൊപ്പം അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് വീട് നൽകുമെന്നും പത്രികയിൽ പറയുന്നു. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക എംപവറിങ് കമ്മിറ്റിയെയും നിയോഗിക്കും.

Also read: