13/04/2026
[fontresizer_tawhidurrahmandear_widget]

തലശ്ശേരി സലീം വധം: കൃത്യം നടത്തിയത് സിപിഎം പ്രവർത്തകരെന്ന് പിതാവ്

 തലശ്ശേരി സലീം വധം: കൃത്യം നടത്തിയത് സിപിഎം പ്രവർത്തകരെന്ന് പിതാവ്

തലശ്ശേരി: പുന്നോൽ ഹുസ്സൻമൊട്ടയിലെ സിപിഎം പ്രവർത്തകനായിരുന്ന യു.കെ സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് കെ.പി യൂസഫ് രംഗത്ത്. കേസിൽ പ്രതികളായ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം പ്രതികരിച്ചത്.

കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികൾ പുറത്തുവന്നിട്ടില്ലെന്ന് യൂസഫ് പറയുന്നു. സലീമിൻ്റെ സുഹൃത്ത് റയീസിനെ കൊലപ്പെടുത്തി തീവണ്ടിപ്പാതയിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെ സലീം കടുത്ത ഭയത്തിലായിരുന്നു. റയീസിന്റെ മരണശേഷം സലീം പുറത്തിറങ്ങാൻ പോലും മടിച്ചിരുന്നതായും യൂസഫ് കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവദിവസം പാർട്ടി പ്രവർത്തകർ ഫോൺ ചെയ്തതിനാലാണ് സലീം പുറത്തുപോയത്. എന്നാൽ സലീമിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് തയ്യാറായില്ലെന്നും, ഫോൺ രേഖകൾ പരിശോധിച്ചാൽ മകനെ വിളിച്ചുവരുത്തിയവരെ കണ്ടെത്താമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫസൽ വധക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും, ഇത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും പിതാവ് വിശ്വസിക്കുന്നു. കോടതി ഇപ്പോൾ വെറുതെ വിട്ടവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, യഥാർത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 2008 ജൂലൈ 23-നാണ് സലീം കൊല്ലപ്പെട്ടത്.

Also read: