25/04/2026
[fontresizer_tawhidurrahmandear_widget]

‘ഉളുപ്പില്ലേ മാഡം എന്ന് ചോദിക്കുന്നില്ല, നിങ്ങൾ ഒരമ്മ കൂടിയല്ലേ? അഞ്ച് വിദ്യാർത്ഥികളെ 15 ദിവസം ജയിലിലടച്ചതിന് കുറ്റബോധം തോന്നുന്നില്ലേ?’; വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് വിടി ബൽറാം

 ‘ഉളുപ്പില്ലേ മാഡം എന്ന് ചോദിക്കുന്നില്ല, നിങ്ങൾ ഒരമ്മ കൂടിയല്ലേ? അഞ്ച് വിദ്യാർത്ഥികളെ 15 ദിവസം ജയിലിലടച്ചതിന് കുറ്റബോധം തോന്നുന്നില്ലേ?’; വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് വിടി ബൽറാം

കണ്ണൂർ: കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ രൂക്ഷമായി പ്രതികരിച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം. ‘ഉളുപ്പില്ലേ മാഡം എന്ന് ചോദിക്കുന്നില്ല, അതിനുത്തരം കേരളത്തിനറിയാം. പക്ഷെ നിങ്ങൾ ഒരമ്മ കൂടിയേ? പോലീസിനോട് പറഞ്ഞ പച്ചനുണകൾ കാരണം അഞ്ച് വിദ്യാർത്ഥികൾ പതിനഞ്ച് ദിവസം ജയിലിൽ അടക്കപ്പെട്ടു എന്നതിൽ ഒരൽപ്പം പോലും നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലേ?’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു. അധികാരത്തെ ഇത്ര നികൃഷ്ടമായും വൈരാഗ്യബുദ്ധിയോടെയും ഉപയോഗിക്കുന്ന നിങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് തന്നെ നാടിന് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ് യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് മന്ത്രി വീണാ ജോർജിന്റെ മൊഴി. ഇതിനു പിന്നാലെ നിരവധി ആളുകൾ മന്ത്രിക്ക് നേരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ കൊല്ലാൻ നോക്കി പോലീസിന് വ്യാജമൊഴി നൽകിയത് മന്ത്രിയുടെ സ്വന്തം ഗൺമാനാണ്. അന്ന് നിങ്ങളുടെ അറിവോടെയല്ല അയാൾ ആ നുണ പറഞ്ഞതെന്ന് ഞങ്ങളൊക്കെ വിശ്വസിക്കണോ എന്നും വി.ടി. ബൽറാം ചോദിച്ചു. വ്യാജമൊഴിയും വ്യാജ തെളിവും നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതിന് ആ ഗൺമാനെതിരെ ക്രിമിനൽക്കേസെടുക്കണമെന്ന് നിങ്ങൾ തന്നെ ആവശ്യപ്പെടുമോയെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.

രണ്ട് മാസം മുമ്പാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത് തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ വീടിന് നേരെ ബോംബെറിയുകയുമുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉളുപ്പില്ലേ എന്ന് മാഡം വീണാ ജോർജിനോട് ചോദിക്കുന്നില്ല, കാരണം ആ ചോദ്യത്തിനുള്ള ഉത്തരം കുറച്ച് കാലമായി കേരളത്തിനറിയാം.
പക്ഷേ മാഡം, നിങ്ങൾ ഒരമ്മ കൂടിയല്ലേ? നിങ്ങൾ പോലീസിനോട് പറഞ്ഞ പച്ചനുണകൾ കാരണം അഞ്ച് വിദ്യാർത്ഥികൾ പതിനഞ്ച് ദിവസം ജയിലിൽ അടക്കപ്പെട്ടു എന്നതിൽ ഒരൽപ്പം പോലും നിങ്ങൾക്ക് കുറ്റബോധം തോന്നുന്നില്ലേ? സിപിഎം മന്ത്രിയാണെങ്കിലും മനുഷ്യത്വം ഇത്രത്തോളം ഇല്ലാതായി അധ:പതിക്കണമായിരുന്നോ? അധികാരം എന്നത് ഇത്ര നികൃഷ്ടമായും വൈരാഗ്യബുദ്ധിയോടെയും ഉപയോഗിക്കുന്ന നിങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് തന്നെ നാടിന് അപകടകരമാണ്.

ആയുധങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിങ്ങളെ കൊല്ലാൻ നോക്കി എന്ന് പോലീസിന് വ്യാജമൊഴി നൽകിയത് നിങ്ങളുടെ സ്വന്തം ഗൺമാനാണ്. നിങ്ങളുടെ അറിവോടെയല്ല അയാൾ അന്ന് ആ നുണ പറഞ്ഞത് എന്ന് ഞങ്ങളൊക്കെ വിശ്വസിക്കണോ? അങ്ങനെയെങ്കിൽ വ്യാജമൊഴിയും വ്യാജ തെളിവും നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതിന് ആ ഗൺമാനെതിരെ ക്രിമിനൽക്കേസെടുക്കണമെന്ന് നിങ്ങൾ തന്നെ ആവശ്യപ്പെടുമോ? സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥൻ ഒരിക്കലും ഇങ്ങനെ വ്യാജ തെളിവ് നൽകുന്നവനാവരുത്.

പിന്നെ, ഇതൊരവസരമായിക്കണ്ട് കേരളത്തിൽ മുഴുവൻ കോൺഗ്രസിനെ ആക്രമിക്കാൻ കലാപാഹ്വാനം നടത്തിയ എംവി ഗോവിന്ദൻ, അയാളെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല.

Also read: