‘ജീവിച്ചിരുന്നെങ്കിൽ വീരപ്പൻ മുഖ്യമന്ത്രി ആയേനെ’, തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരിച്ച വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യയും മകളും ജനവിധി തേടുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും മകൾ വിദ്യാറാണി മേട്ടൂർ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. വേൽമുരുകന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിക്ക് (TVK) വേണ്ടിയാണ് മുത്തുലക്ഷ്മി പോരാട്ടത്തിനിറങ്ങുന്നത്. നാം തമിഴർ കക്ഷി (NTK) സ്ഥാനാർത്ഥിയായാണ് വിദ്യാറാണി മത്സരിക്കുന്നത്.
വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന് മുത്തുലക്ഷ്മി പ്രതികരിച്ചു. അദ്ദേഹം പാവപ്പെട്ടവരുടെ ശബ്ദമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയിൽ ഭയപ്പെട്ട നേതാക്കളാണ് കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്നും അവർ ആരോപിച്ചു. മരം മുറിച്ചതും വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നുവെന്നും മുത്തുലക്ഷ്മി ന്യായീകരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷിക്ക് വേണ്ടി മത്സരിച്ച വിദ്യാറാണി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഭിഭാഷക കൂടിയായ വിദ്യാറാണിയിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. കൃഷ്ണഗിരിയിൽ വിജയിച്ചാൽ ജില്ലയിലെ പാറമടകൾ പൂട്ടിക്കുമെന്നാണ് മുത്തുലക്ഷ്മിയുടെ പ്രധാന വാഗ്ദാനം. തമിഴ് ദേശീയത ഉയർത്തിപ്പിടിക്കുന്ന ഇരു പാർട്ടികളും വീരപ്പൻ കുടുംബത്തിന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. 2004-ലാണ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് വീരപ്പൻ കൊല്ലപ്പെട്ടത്.