ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണു; മെഡിക്കൽ റിപ്പോർട്ട് വേണമെന്ന് വധു, ഒടുവിൽ വിവാഹം മുടങ്ങി
ലഖ്‌നൗ: വിവാഹച്ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലുള്ള സാകിത് മേഖലയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ പിന്മാറ്റം.
വിവാഹ മണ്ഡപത്തിലെ പീഠത്തിൽ ഇരിക്കുമ്പോഴാണ് വരൻ പെട്ടെന്ന് ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീണത്. ഇത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. വരന് വെള്ളം നൽകി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആരോഗ്യനിലയിൽ സംശയം തോന്നിയ വധുവിന്റെ കുടുംബം തർക്കമുന്നയിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് വരന്റെ അസുഖവിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചുവെന്ന് വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
തർക്കം രൂക്ഷമായതോടെ നാട്ടുകാരും മുതിർന്നവരും ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. വരന്റെ കൃത്യമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. രാത്രി മുഴുവൻ നീണ്ടുനിന്ന തർക്കത്തിനൊടുവിൽ വിവാഹം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും വധുവിന്റെ വീട്ടുകാരായ രണ്ടുപേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ വധുവിനെ കൂട്ടാതെ വരനും സംഘവും മടങ്ങിപ്പോയി. സംഭവത്തിൽ ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി അറിയിച്ചു.