ഇതരസംസ്ഥാന ചന്തകൾ പൂട്ടിച്ച് ഗോരക്ഷകർ; കേരളത്തിൽ കന്നുകാലി പ്രതിസന്ധി രൂക്ഷം
പാലക്കാട്: ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിക്കുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. അയൽസംസ്ഥാനങ്ങളിലെ പ്രധാന ഗ്രാമീണ കന്നുകാലി ചന്തകൾ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂർണമായും നിലച്ചു. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണിയിലുണ്ടായ ഈ വൻ വിതരണക്കുറവ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാൻ ഇടയാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഗോരക്ഷാ ഭീഷണി ശക്തമായിരിക്കുന്നത്. പെരുന്നാൾ വിപണി സജീവമാകുന്ന പശ്ചാത്തലത്തിൽ ഗ്രാമീണ ചന്തകൾ പ്രവർത്തിക്കരുതെന്നാണ് കർഷകർക്കും വ്യാപാരികൾക്കും ലഭിച്ചിട്ടുള്ള മുന്നറിയിപ്പ്.
തങ്ങളുടെ ഉപജീവനമാർഗത്തെ തകർക്കുന്ന രീതിയിലുള്ള കടുത്ത ചൂഷണങ്ങളാണ് അതിർത്തികളിൽ നടക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. കൃത്യമായ രേഖകളുള്ള കന്നുകാലികളെപ്പോലും ഗോരക്ഷാ ഗുണ്ടകൾ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുകയും, പിന്നീട് ഇവയെ മറിച്ചുവിറ്റ് വൻ ലാഭം കൊയ്യുകയുമാണ് ചെയ്യുന്നത്. നിയമവിരുദ്ധമായി പിടിച്ചെടുക്കുന്ന കന്നുകാലികളെ വിട്ടുകിട്ടാനായി വ്യാപാരികൾ കോടതി ഉത്തരവുമായി ചെല്ലുമ്പോൾ, വലിയ നല്ലയിനം ഉരുക്കൾക്ക് പകരം പ്രായം കുറഞ്ഞതും വിലയില്ലാത്തതുമായ ചെറിയ ഉരുക്കളെയാണ് അധികൃതർ വിട്ടുനൽകുന്നത്.
അടുത്തിടെ സംസ്ഥാനത്ത് ബീഫ് വില വർധിപ്പിച്ചിരുന്നു. കന്നുകാലി ലഭ്യതയിലെ നിലവിലെ പ്രതിസന്ധിയും യാത്രാ തടസങ്ങളും തുടർന്നാൽ വരുംദിവസങ്ങളിൽ വിപണിയിൽ വീണ്ടും വലിയ വിലക്കയറ്റം ഉണ്ടാകുമെന്നുറപ്പാണ്. വിപണിയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.