‘ന്യൂയോർക്ക് സബ്‌വേയേക്കാൾ സൂപ്പർ’ ചെന്നൈ മെട്രോയെ പുകഴ്ത്തി ജാപ്പനീസ് സഞ്ചാരി; പോസ്റ്റ് വൈറൽ
ചെന്നൈ: ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ പ്രശംസിച്ച് വിദേശ സഞ്ചാരികൾ രംഗത്തെത്തുന്നത് പതിവാകുന്നു. ചെന്നൈ മെട്രോയിലെ യാത്രാസൗകര്യങ്ങൾ ലോകപ്രശസ്തമായ ന്യൂയോർക്ക് സബ്‌വേയേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഒരു ജാപ്പനീസ് വിനോദസഞ്ചാരി. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന @hiro_bkp48 എന്ന എക്സ് ഉപയോക്താവാണ് ചെന്നൈ മെട്രോയെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചത്.
മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകളും കൃത്യമായി പ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനവും തന്നെ ആകർഷിച്ചതായി ഇദ്ദേഹം വ്യക്തമാക്കുന്നു. ചെന്നൈയിലെ ദീർഘദൂര ബസ് ടെർമിനലിലേക്ക് പോകാനാണ് താൻ മെട്രോ ഉപയോഗിച്ചതെന്നും, ഇവിടുത്തെ സൗകര്യങ്ങൾ ന്യൂയോർക്കിലെ സബ്‌വേയേക്കാൾ മികച്ചതാണെന്നും പ്ലാറ്റ്‌ഫോമിന്റെ ചിത്രം സഹിതം ജാപ്പനീസ് ഭാഷയിൽ കുറിച്ച പോസ്റ്റ് ഇതിനോടകം നാൽപ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.
ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരുവിനും ഹൈദരാബാദിനും ലഭിക്കുന്ന അത്രയും ശ്രദ്ധ ചെന്നൈക്ക് ലഭിക്കാറില്ലെന്നും എന്നാൽ ചെന്നൈ മെട്രോയാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നതുമായ മെട്രോ ശൃംഖലയെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു. ജപ്പാന്റെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചെന്നൈ മെട്രോയ്ക്ക് വലിയ ജനപ്രീതിയാണുള്ളത്. കഴിഞ്ഞ വർഷം ജൂലൈയിൽ 1.04 കോടിയും സെപ്റ്റംബറിൽ 1.01 കോടിയും യാത്രക്കാരുമായി റെക്കോർഡ് നേട്ടം കൈവരിച്ച മെട്രോയിൽ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് കണക്കുകൾ.