‘സ്ത്രീകൾക്ക് സൗജന്യ യാത്ര’ ;നാളെ മുതൽ കെഎസ്ആർടിസിയിൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനത്തിലൂടെ കണക്കെടുപ്പ് ആരംഭിക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ കണക്കെടുക്കുന്നതിനായി പുതിയ പരിഷ്‌കാരവുമായി ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാളെ മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം നിലവിൽ വരും. ബസുകളിൽ പ്രതിദിനം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്നും അവർക്ക് നിലവിലെ യാത്രാ സൗകര്യങ്ങൾ എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നും മനസ്സിലാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാംനം ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വനിതാ യാത്രക്കാരുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് നിരീക്ഷണം.
പുതിയ സംവിധാനമനുസരിച്ച്, കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ രേഖപ്പെടുത്തണം. ഇതിനായി ടിക്കറ്റിങ് മെഷീനിൽ പ്രത്യേക ബട്ടണുകൾ ക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ആകെ യാത്രക്കാരുടെ എണ്ണം മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ ഓരോ റൂട്ടിലും ഓരോ സമയത്തും യാത്ര ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൃത്യമായ എണ്ണം വെവ്വേറെ അറിയാൻ സാധിക്കും.
സ്ത്രീ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകൾ തിരിച്ചറിഞ്ഞ് അവിടെ കൂടുതൽ ബസുകൾ അനുവദിക്കാനും, നിലവിലുള്ള വനിതാ സംവരണ സീറ്റുകളുടെ എണ്ണം ശാസ്ത്രീയമായി പുനർനിശ്ചയിക്കാനും ഈ കണക്കുകൾ കെഎസ്ആർടിസിയെ സഹായിക്കും. കൂടാതെ, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ വിവരങ്ങൾ സർക്കാരിന് മുതൽക്കൂട്ടാകും. യാത്രക്കാർക്ക് അധിക ബാധ്യതയോ ബുദ്ധിമുട്ടോ ഇല്ലാതെ തന്നെ ഈ സംവിധാനം നടപ്പിലാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ സേവനം കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് ഈ മാറ്റം.