10/06/2026
[fontresizer_tawhidurrahmandear_widget]

കെട്ടിടങ്ങൽ ചെരിഞ്ഞു, റോഡുകൾ പിളർന്നു; ഭൂമിക്കടിയിലേക്ക് താഴ്ന്ന് മെക്‌സിക്കോ നഗരം

 കെട്ടിടങ്ങൽ ചെരിഞ്ഞു, റോഡുകൾ പിളർന്നു; ഭൂമിക്കടിയിലേക്ക് താഴ്ന്ന് മെക്‌സിക്കോ നഗരം

മെക്സിക്കോ സിറ്റി: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മെക്സിക്കോ സിറ്റി അതിവേഗം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ റിപ്പോർട്ട്. പതിറ്റാണ്ടുകളായി തുടരുന്ന അമിതമായ ഭൂഗർഭജല ചൂഷണമാണ് ഈ വൻനഗരത്തെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നാസയുടെ അത്യാധുനിക ഉപഗ്രഹ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു വലിയ തടാകം നിലനിന്നിരുന്ന പ്രദേശത്താണ് ഇന്നത്തെ മെക്സിക്കോ സിറ്റി നിർമ്മിച്ചിരിക്കുന്നത്. നഗരത്തിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭൂമിക്കടിയിലെ ജലസ്രോതസ്സുകളിൽ (അക്വിഫർ) നിന്നും അമിതമായ തോതിൽ വെള്ളം പമ്പ് ചെയ്തെടുക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. വെള്ളം വറ്റുന്നതോടെ കളിമണ്ണ് നിറഞ്ഞ ഭൂമിയുടെ അടിത്തട്ട് വരണ്ടുണങ്ങി ചുരുങ്ങുകയും, ഇതിന്റെ ഭാരത്താൽ നഗരം ക്രമേണ താഴേക്ക് ഇടിയുകയുമാണ് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിന്റെ ചില ഭാഗങ്ങളിൽ പ്രതിമാസം 0.5 ഇഞ്ച് (പ്രതിവർഷം ഏകദേശം അര മീറ്റർ) വരെയാണ് ഭൂമി താഴേക്ക് ഇടിയുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഇത്തരത്തിൽ താഴോട്ട് പോയ ഭൂമി ഇനി ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാൻ കഴിയില്ല എന്നതാണ് ഇതിലെ ഏറ്റവും ഭയാനകമായ വസ്തുത. ഇനി എത്രത്തോളം മഴ ലഭിച്ചാലും ചുരുങ്ങിപ്പോയ മണ്ണ് പഴയതുപോലെ വികസിക്കില്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഭൂമി ഇടിയുന്നത് മെക്സിക്കോ സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചരിത്രപ്രധാനമായ കെട്ടിടങ്ങൾ, വീടുകൾ, റോഡുകൾ, മെട്രോ റെയിൽവേ സംവിധാനങ്ങൾ എന്നിവയ്ക്ക് ഇതിനോടകം തന്നെ കാര്യമായ കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞു. ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ കാരണം പൈപ്പുകൾ പൊട്ടുന്നതും, അതുവഴി മലിനജലം കുടിവെള്ളത്തിൽ കലരുന്നതും നഗരത്തിലെ ശുദ്ധജലക്ഷാമം കൂടുതൽ രൂക്ഷമാക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനവും ചൂടും വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ സ്ഥിതി ഇതിലും മോശമാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഭൂഗർഭജലത്തെ മാത്രം ആശ്രയിക്കുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കണമെന്നും, മഴവെള്ള സംഭരണവും ജല പുനരുപയോഗവും ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കിയില്ലെങ്കിൽ വരും തലമുറയ്ക്ക് ഈ നഗരം വാസയോഗ്യമല്ലാതായി മാറുമെന്നും ലോകാരോഗ്യ – പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Also read: