‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്‌പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’; ഇഡി റെയ്ഡിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പിണറായി വിജയന്റെ വീടുകളിലും ഇഡി റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. “വളഞ്ഞിട്ടടിച്ചോളൂ, സംഘ്‌പരിവാറിന് മുമ്പിൽ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന സൂചനയാണ് റിയാസ് നൽകുന്നത്.
നിലവിൽ റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. പരിശോധനാ സമയത്ത് റിയാസ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതോടൊപ്പം പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും സിഎംആർഎൽ ഓഫിസുകളിലുമടക്കം 12 ഇടങ്ങളിൽ ഒരേസമയം റെയ്ഡ് പുരോഗമിക്കുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇഡി ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത്. കേസിൽ ആരോപണവിധേയയായ വീണ വിജയനും കുടുംബവും തിരുവനന്തപുരത്തെ വീട്ടിലുണ്ട്.