കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി യുഡിഎഫ് വരുന്നു; ഉജ്ജ്വല വിജയത്തിന് നന്ദി പറഞ്ഞ് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ചിട്ടയായ പ്രവർത്തനങ്ങളും പ്ലാനുകളും മികച്ച കോർഡിനേഷനും വഴിയാണ് ജനങ്ങൾ യുഡിഎഫിനെ ഹൃദയത്തിലേറ്റിയതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ പ്രഥമ പരിഗണന കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിനുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വയനാട് പുനരധിവാസം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ജനപക്ഷത്തുനിന്ന് അവരുടെ ആഗ്രഹങ്ങൾ സഫലമാക്കുന്ന ഒരു ഭരണകൂടമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയാഘോഷങ്ങൾക്കല്ല, മറിച്ച് ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നൽകേണ്ടതെന്ന് തങ്ങൾ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പരസ്യവാചകങ്ങളിലല്ല, ജനങ്ങളുടെ ഹൃദയത്തുടിപ്പുകളിലായിരിക്കും യുഡിഎഫ് ഉണ്ടാവുകയെന്നും കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന് പിന്തുണ നൽകിയ സഹപ്രവർത്തകർക്കും പാർട്ടിക്കാർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായവർക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.