കടുവയെ പോലും വകവയ്ക്കാതെ രാത്രിയാത്ര, കാടും പാടങ്ങളും താണ്ടി മോഷണം; 150-ലധികം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കൽപറ്റ: അന്തർസംസ്ഥാന ബന്ധമുള്ള കുപ്രസിദ്ധ മോഷ്‌ടാവും സഹായിയും വയനാട് പൊലീസിന്റെ പിടിയിലായി. 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ ആലക്കോട് സ്വദേശി കെ.യു മുഹമ്മദ് (46), ഇയാൾക്ക് വിവരങ്ങൾ കൈമാറിയിരുന്ന സഹായി പുൽപള്ളി സ്വദേശി കെ.ടി ജോസ് (72) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും വയനാട്ടിലെയും വന്യമൃഗശല്യം രൂക്ഷമായ മേഖലകളിലായിരുന്നു മുഹമ്മദിന്റെ പ്രധാന കവർച്ചകൾ. കടുവയും കാട്ടാനയും പതിവായി ഇറങ്ങുന്ന വനമേഖലകളിൽ രാത്രികാലങ്ങളിൽ ഭയമില്ലാതെ സഞ്ചരിച്ചിരുന്ന ഇയാൾ, കാടുകളും തോടുകളും താണ്ടിയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. സിസിടിവി ക്യാമറകളിൽ പതിയാതിരിക്കാൻ കണ്ണുകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും മറയ്ക്കുന്ന വേറിട്ട രീതിയായിരുന്നു ഇയാളുടേത്. റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും കുറ്റിക്കാടുകളിലൂടെയും സഞ്ചരിച്ചിരുന്നതിനാൽ പൊലീസിന് പ്രതിയെ കണ്ടെത്തുക ഏറെ വെല്ലുവിളിയായിരുന്നു.
രണ്ട് വർഷമായി ക്രൈം സ്ക്വാഡ് നടത്തിവന്ന ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കൽപറ്റയിൽ ഒമ്പത് പവൻ മോഷണം പോയ കേസാണ് അന്വേഷണത്തിൽ നിർണായകമായത്. 1500-ഓളം കോൾ റെക്കോർഡുകളും 2500-ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ്, വേഷം മാറിയും ഉത്സവപ്പറമ്പുകളിൽ നിരീക്ഷണം നടത്തിയും മുഹമ്മദിനായി വലവിരിച്ചു. ഒടുവിൽ ആഡംബര വാഹനത്തിൽ യാത്ര ചെയ്യവേയാണ് ഇയാൾ പിടിയിലായത്.
കൽപറ്റ സിഐ ടി.പി ദിനേശിന്റെയും എസ്ഐ വിമൽ ചന്ദ്രന്റെയും നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണത്തിന് പിന്നിൽ. പ്രതികളെ റിമാൻഡ് ചെയ്തു. വാഹനത്തിൽ നിന്ന് സ്വർണവും പണവും മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.