‘ആധാർ എവിടെ, നിങ്ങൾ മുസ്‌ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?’: അംബുബാച്ചി മേളയ്ക്കിടെ കച്ചവടക്കാരെ ഹിന്ദുത്വവാദികൾ ആക്രമിച്ചതായി പരാതി
ഗുവാഹത്തി: അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേളയ്ക്കിടെ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ അതിക്രമം. ക്ഷേത്ര പാതയിൽ കടകൾ സ്ഥാപിച്ച മുസ്‌ലിം വ്യാപാരികളെ ഒരു സംഘം ഹിന്ദുത്വവാദികൾ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും കടകൾ അടപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അക്രമികൾ തന്നെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലാണ് ഈ ദൃശ്യങ്ങളുള്ളത്.
വില്പനക്കാരോട് “നിങ്ങൾ മുസ്‌ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?” എന്ന് ചോദിച്ച് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു സംഭവത്തിൽ, മാല ധരിച്ച ഒരാളെ ശാരീരികമായി ആക്രമിക്കുകയും കഴുത്തിൽ അടിക്കുകയും ചെയ്ത അക്രമികൾ ഇയാളോട് ആധാർ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലുടനീളമുള്ള ഹിന്ദു മതസമ്മേളനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വ്യാപാരികളെ ലക്ഷ്യം വച്ചുള്ള പീഡനങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്. 2025 ജനുവരിയിൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ദേവന്മാരുടെ പോസ്റ്ററുകളും വിഗ്രഹങ്ങളും വിൽക്കുന്ന മുസ്‌ലിം കച്ചവടക്കാരനെ പോലീസിന്റെ സാന്നിധ്യത്തിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ ഉപദ്രവിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. അവിടെയും കച്ചവടക്കാരെ തിരിച്ചറിയുന്നതിനായി വലതുപക്ഷ സംഘടനകൾ ആധാർ കാർഡ് പരിശോധനകൾ നടത്തിയിരുന്നു. 2022 മുതൽ കർണാടകയിലെ നിരവധി ക്ഷേത്രമേളകളിലും ബജ്‌റംഗ്ദളും അനുബന്ധ ഗ്രൂപ്പുകളും മുസ്‌ലിം വ്യാപാരികളെ നിർബന്ധിച്ച് കുടിയിറക്കുകയും ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മതസമ്മേളനമായി കണക്കാക്കപ്പെടുന്ന അംബുബാച്ചി മേള ജൂൺ 22 മുതൽ 26 വരെയാണ് നടക്കുന്നത്. എട്ട് ലക്ഷത്തോളം തീർത്ഥാടകർ എത്തിയ മേളയിലെ അതിക്രമത്തെക്കുറിച്ച് അസം പോലീസിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ ഉടനടി പ്രസ്താവനയൊന്നും ലഭ്യമായിട്ടില്ല.