വിരൽത്തുമ്പിലൂടെ ലോകകപ്പ് ആവേശം; കാഴ്ചയില്ലാത്ത മകന് കാൽപന്തുകളിയുടെ വിസ്മയമൊരുക്കി പിതാവ്
തെഹ്റാൻ: പരിമിതികളെ സ്നേഹം കൊണ്ട് മറികടന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മകനിലേക്ക് എത്തിക്കുന്ന ഒരു ഇറാനിയൻ പിതാവിന്റെ വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. കാഴ്ചയില്ലാത്ത ഒൻപത് വയസ്സുകാരനായ അലിറേസയ്ക്ക് വേണ്ടിയാണ് പിതാവ് അർദെഷീർ ബാബെയ് ജാനി ഈ അത്ഭുതലോകം ഒരുക്കിയത്. പച്ചപ്പുല്ലിലെ ചടുലമായ നീക്കങ്ങൾ മകന് അനുഭവിച്ചറിയാൻ ഈ പിതാവ് കണ്ടെത്തിയ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കുന്നത്.
ഒരു സാധാരണ കാർഡ്‌ബോർഡ് കഷ്‌ണം ഉപയോഗിച്ച് നിർമിച്ച ടാക്ടിക്സ് ബോർഡാണ് ഈ വിസ്മയത്തിന് പിന്നിൽ. കളി നടക്കുമ്പോൾ മൈതാനത്തെ ഓരോ ചലനങ്ങളും, പാസുകളും, മുന്നേറ്റങ്ങളും അർദെഷീർ തന്റെ കൈകൾ ബോർഡിലൂടെ ചലിപ്പിച്ചുകൊണ്ട് അലിറേസയ്ക്ക് വിവരിച്ചു നൽകും. തത്സമയ കമന്ററിയും പിതാവിന്റെ കൈകളുടെ നീക്കങ്ങളും കൂടിച്ചേരുമ്പോൾ കളിയുടെ ഓരോ നിമിഷവും ആ ഒൻപതുവയസ്സുകാരൻ തന്റെ വിരൽത്തുമ്പുകളാൽ തൊട്ടറിയുന്നു.
സ്വിറ്റ്സർലൻഡും ഖത്തറും തമ്മിലുള്ള മത്സരത്തിന്റെ ദൃശ്യങ്ങളാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പിന്നീട്, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ നേടിയ ഗോളുകൾ അച്ഛൻ മകന് വിവരിച്ചു നൽകുന്ന വിഡിയോയും പുറത്തുവന്നു. തന്റെ ഹീറോ വലകുലുക്കിയ വിവരം അച്ഛനിലൂടെ അറിഞ്ഞ അലിറേസയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.
ഇറാൻ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഈജിപ്‌തിനെതിരെ ഗോൾ നേടിയപ്പോഴായിരുന്നു ഇതിലേറ്റവും വികാരനിർഭരമായ നിമിഷം അരങ്ങേറിയത്. സ്വന്തം രാജ്യം ഗോൾ നേടുന്നത് അച്ഛന്റെ ശബ്ദത്തിലൂടെയും കൈകളുടെ ചലനത്തിലൂടെയും ആ മകൻ അറിഞ്ഞപ്പോൾ അത് വലിയൊരു അനുഭവമായി മാറി.
ഫുട്ബോൾ എന്നത് വെറും ഒരു കായിക വിനോദമല്ലെന്നും, അത് പരിമിതികൾക്ക് അപ്പുറമാണെന്നും ഈ അച്ഛനും മകനും തെളിയിക്കുന്നു. യുദ്ധവും രാഷ്ട്രീയവും ചർച്ചയാകുന്ന ലോകകപ്പ് വേദികളിൽ, ഒരു കാർഡ്ബോർഡ് ബോർഡിലൂടെ ലോകകപ്പ് തൊട്ടറിയുന്ന അലിറേസയും അവന് തുണയാകുന്ന പിതാവുമാണ് ഫുട്ബോളിന്റെ യഥാർഥ ഭംഗിയെന്ന് ലോകം ഒന്നടങ്കം അടിവരയിടുന്നു.