24/06/2026
[fontresizer_tawhidurrahmandear_widget]

പ്രകാശ് രാജിനെ വിടാതെ ബെംഗളൂരു കോടതി; വീണ്ടും ജാമ്യമില്ലാ വാറണ്ട് | Prakash Raj Warrant

 പ്രകാശ് രാജിനെ വിടാതെ ബെംഗളൂരു കോടതി; വീണ്ടും ജാമ്യമില്ലാ വാറണ്ട് | Prakash Raj Warrant

ബെംഗളൂരു: ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെതിരെ ബെംഗളൂരു കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു(Prakash Raj Warrant). കോടതി നൽകിയ സമൻസുകളിലും മുൻപ് രണ്ട് തവണ പുറപ്പെടുവിച്ച വാറണ്ടുകളിലും താരം നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്നാണ് 48-ാമത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാമതും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ബെംഗളൂരു സ്വദേശിയായ അഭിഭാഷകൻ കെ. ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹരജിയിലാണ് കോടതിയുടെ നടപടി. കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂലൈ 25-ലേക്ക് മാറ്റിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽനിന്ന് പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഈ സമയത്ത് താരം സമർപ്പിച്ച സത്യവാങ്മൂലങ്ങളിലും വിവരങ്ങളിൽ ക്രമക്കേടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ബെംഗളൂരുവിലെ ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലും ഒരിടത്തും, ചെന്നൈയിലെ വേളാച്ചേരി നിയമസഭാ മണ്ഡലത്തിൽ രണ്ടിടത്തും വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തതായി ആരോപണമുണ്ട്. ഹൈദരാബാദിലെ ശേരിലിംഗമ്പള്ളി നിയമസഭാ മണ്ഡലത്തിലും വോട്ടർപട്ടികയിൽ പേരുള്ളതായി ആരോപണമുണ്ട്.

ഒരു ഇന്ത്യൻ പൗരന് ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ ഐഡി കൈവശം വയ്ക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത് 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 31, 125(എ) വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി കേസ് ഫയലിൽ സ്വീകരിച്ചത്. കോടതി രേഖകൾ പ്രകാരം 2026 ഫെബ്രുവരി 17-ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ മുഖേന നടന് നേരിട്ട് ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ, ഹരജിയിൽ നൽകിയിരിക്കുന്ന വിലാസത്തിൽ പ്രകാശ് രാജ് താമസമില്ലെന്നും അദ്ദേഹം അവിടം ഒഴിഞ്ഞുപോയെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്.

തുടർന്ന് മാർച്ച് 17-ന് കോടതി ആദ്യത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഏപ്രിൽ 17-ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും താരം ഹാജരാകാത്തതിനാൽ വാറണ്ട് പുതുക്കി നൽകി. ഒടുവിൽ ജൂൺ 12-നാണ് കോടതി മൂന്നാമതും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

വ്യാജവാർത്തയെന്ന് പ്രകാശ് രാജ്

അതേസമയം, തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെന്ന മാധ്യമ വാർത്തകൾ പൂർണമായും നിഷേധിച്ച് പ്രകാശ് രാജ് രംഗത്തെത്തി. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനാലാണ് അറസ്റ്റ് വാറണ്ട് എന്ന് പ്രചരിപ്പിക്കുന്നവർ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘ചിലർ വ്യാജവാർത്തകൾ ചമച്ച് പ്രചരിപ്പിക്കുകയാണ്. എന്റെ വിമർശനങ്ങൾ അവരെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ടാകാം. അവരെയെല്ലാം എപ്പോഴും തിരക്കിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം’ – പ്രകാശ് രാജ് കുറിച്ചു. തനിക്ക് നാല് വോട്ടർ ഐഡികൾ ഉണ്ടെന്ന് കഥയുണ്ടാക്കുന്ന ചാനലുകളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

Also read: