18/08/2026
[fontresizer_tawhidurrahmandear_widget]

‘ഈ ക്രൂരത ഇനി വിലപ്പോവില്ല, അത് ധാർഷ്ട്യമേറിയ അധികാരത്തെ താഴെയിറക്കും’; ഝാർഖണ്ഡിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രകാശ് രാജ്

 ‘ഈ ക്രൂരത ഇനി വിലപ്പോവില്ല, അത് ധാർഷ്ട്യമേറിയ അധികാരത്തെ താഴെയിറക്കും’; ഝാർഖണ്ഡിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രകാശ് രാജ്

പ്രകാശ് രാജ്

റാഞ്ചി: ഝാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രമുഖ നടൻ പ്രകാശ് രാജ്. അധികാരികളുടെ ഈ ക്രൂരത ഇനി വിലപ്പോകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

‘എന്തുകൊണ്ട്… എന്തുകൊണ്ട്… എന്തുകൊണ്ട്… ഈ ക്രൂരത ഇനി വിലപ്പോവില്ല; അത് ധാർഷ്ട്യമേറിയ അധികാരത്തെ താഴെയിറക്കുകയേ ചെയ്യൂ’ -പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് കുറിച്ചു. ഉദ്യോഗാർത്ഥികളെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഝാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തിയ ജെ.പി.എസ്.സി – ജെ.എസ്.എസ്.സി ഉദ്യോഗാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്, ജലപീരങ്കി, കണ്ണീർവാതക പ്രയോഗം എന്നിവയ്‌ക്കെതിരെയായിരുന്നു നടന്റെ പ്രതികരണം. ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ വിവിധ പരീക്ഷകളിൽ വ്യാപക ക്രമക്കേട് നടന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

തിങ്കളാഴ്ച ഉദ്യോഗാർത്ഥികൾ സംഘടിപ്പിച്ച നിയമസഭാ മാർച്ച് കടുത്ത സംഘർഷത്തിലാണ് കലാശിച്ചത്. പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ മറികടന്ന് ഉദ്യോഗാർത്ഥികൾ നിയമസഭാ മന്ദിരത്തിന് സമീപത്തേക്ക് നീങ്ങാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ച് രംഗം ശാന്തമാക്കാൻ ശ്രമിച്ചത്.

അതിനിടെ, പ്രശസ്ത നടനും ഗാനരചയിതാവുമായ പീയുഷ് മിശ്ര റാഞ്ചിയിലെ സമരപ്പന്തലിലെത്തി വിദ്യാർത്ഥികൾക്ക് നേരിട്ട് പിന്തുണ അറിയിച്ചു. സമാധാനപരമായ രീതിയിൽ പ്രതിഷേധം തുടരുന്ന സമരാംഗങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രമുഖ നടി സോനാക്ഷി സിൻഹയും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also read: