‘ചതിയൻ; അണ്‍ഫോളോ ചെയ്ത ആ 10 ലക്ഷം പേർക്കും തെറ്റുപറ്റിയെന്ന് പറയുമോ?’; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പാർട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് വിശദീകരണവുമായി ഛദ്ദ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് പിന്നാലെയാണ് താരത്തിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തോളം ഫോളോവേഴ്സിനെ ഛദ്ദയ്ക്ക് നഷ്ടമായത് ചൂണ്ടിക്കാട്ടിയാണ് ‘നമക് ഹറാമി’ (ചതിയൻ) എന്ന ഹാഷ്‌ടാഗോടെ പ്രകാശ് രാജ് രംഗത്തെത്തിയത്.
തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വിശദീകരിച്ച ഛദ്ദ, ഒരുപക്ഷേ തനിക്ക് തെറ്റുപറ്റിയിരിക്കാമെന്നും എന്നാൽ തന്നോടൊപ്പം പാർട്ടി വിട്ട ഏഴ് പേർക്കും തെറ്റുപറ്റില്ലെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ച പ്രകാശ് രാജ്, “എനിക്കും തെറ്റുപറ്റിയിരിക്കാം… പക്ഷേ ഇൻസ്റ്റാഗ്രാമിൽ നിങ്ങളെ അൺഫോളോ ചെയ്ത ഒരു ദശലക്ഷം പേരുടെ അവസ്ഥ അതായിരിക്കില്ല” എന്ന് കുറിച്ചു. നേരത്തെ, ഛദ്ദയുടെ പാർട്ടി മാറ്റത്തെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നതിനോട് ഉപമിച്ച് പ്രകാശ് രാജ് മീം പങ്കുവെച്ചിരുന്നു.
നടന്റെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. ഒരു രാഷ്ട്രീയക്കാരനെയും വിശ്വസിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കോൺഗ്രസിലാണ് ചേർന്നതെങ്കിൽ പ്രകാശ് രാജ് ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് മറ്റുചിലർ ചോദിക്കുന്നു. കുമാർ വിശ്വാസിനെപ്പോലുള്ള നേതാക്കൾ മുൻപ് പാർട്ടി വിട്ടപ്പോൾ ഇല്ലാത്ത വിമർശനം ബിജെപിയിൽ ചേർന്നതുകൊണ്ട് മാത്രമാണോ എന്ന ചോദ്യവും നെറ്റിസൺസ് ഉയർത്തുന്നുണ്ട്.