‘ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം’; കേന്ദ്ര മന്ത്രിയെ കണ്ട് 3 ആവശ്യങ്ങൾഅറിയിച്ച് സിജെപി നേതാക്കൾ
ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്കിടെ, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ. കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ നിബന്ധനകളില്ലാതെ ഉടൻ മോചിപ്പിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുക, നീറ്റ് ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നിവയാണ് പ്രക്ഷോഭകർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ ജന്തർ മന്തറിൽ സമരക്കാർക്കു നേരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് പ്രധാന പൊളിച്ചുമാറ്റി.
പാർലമെന്റ് സ്ട്രീറ്റിൽ തടഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ കണ്ടത്. ചർച്ചകൾ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സി.ജെ.പി അറിയിച്ചു. 23 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യം മോശമായ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്.
സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തുന്നത് അവസാനിപ്പിക്കണമെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി.