ഇന്ത്യക്കാര്‍ക്ക് എമിറേറ്റ്സിൻ്റെ വമ്പൻ ഓഫർ; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം
ന്യൂഡൽഹി: ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ പുതിയ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിമാന ടിക്കറ്റ് നിരക്കുകൾ മാസ തവണകളായി അടച്ചുതീർക്കാനുള്ള ഫ്ലെക്സിബിൾ ഇ.എം.ഐ (EMI) ഓപ്ഷനാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് നൽകേണ്ടി വരില്ല. തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് തുക കൃത്യമായ പ്രതിമാസ തവണകളായി നൽകാൻ ഇതിലൂടെ സാധിക്കും. ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി എമിറേറ്റ്‌സിന്റെ ആഗോള ശൃംഖലയിലെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ടിക്കറ്റ് തുക 3 മാസം മുതൽ 36 മാസം വരെയുള്ള വിവിധ പേയ്‌മെന്റ് കാലാവധികളിലേക്ക് വിഭജിച്ച് അടയ്ക്കാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ പുതിയ പേയ്‌മെന്റ് ആനുകൂല്യം തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ത്യയിലെ പ്രമുഖ 12 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഇ.എം.ഐ സൗകര്യം ലഭിക്കുക. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ.ബി.എൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയോട് സഹകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ.