‘നഷ്ടം നികത്താനുണ്ട്; പെട്രോൾ-ഡീസൽ വില ഉടൻ കുറക്കില്ല’: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി വ്യക്തമാക്കി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നപ്പോഴും രാജ്യത്തെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ റീട്ടെയിൽ വിലയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
പൊതുമേഖലാ എണ്ണ കമ്പനികൾ നേരിട്ട വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വില കുറയ്ക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം ആഭ്യന്തര വിപണിയിൽ പ്രകടമാകാതിരിക്കാൻ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചാണ് പ്രവർത്തിച്ചത്. ഏകദേശം 2.18 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾക്ക് സംഭവിച്ചിട്ടുള്ളതെന്നും, ഈ തുക പൂർണ്ണമായും നികത്തേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ആഗോളതലത്തിലെ വിലക്കയറ്റത്തിനനുസരിച്ചുള്ള വർദ്ധനവ് ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ പെട്രോൾ വിലയിൽ 5.58 ശതമാനവും ഡീസൽ വിലയിൽ 6.23 ശതമാനവും മാത്രമാണ് വർദ്ധനവുണ്ടായത്. 2021 നവംബറിലും 2022 മേയിലും കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇതിലൂടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം സബ്‌സിഡി നൽകിയതിലൂടെയുള്ള സാമ്പത്തിക ബാധ്യത സർക്കാർ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരമാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവിലയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് കാരണം പ്രതിപക്ഷ പാർട്ടികളുടെ നിലപാടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറായെങ്കിലും, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.