‘പല രാജ്യങ്ങളിലും ഇന്ധന വില 100% വരെ കുതിച്ചുയർന്നു, ഇന്ത്യയിൽ വർധനവ് 3.2% മാത്രം’; ഇന്ധനവില വർധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിയന്ത്രിച്ചു നിർത്തിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവില 100 ശതമാനം വരെ വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമായി വില വർധന പരിമിതപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റം വളരെ കുറവാണെന്നും ഇത് സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യ വില പരിഷ്കരണമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നപ്പോഴും രാജ്യത്തെ പൗരന്മാരെ സാമ്പത്തിക സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയ നഷ്ടം സഹിച്ചതായി അദ്ദേഹം പറഞ്ഞു. മ്യാൻമറിൽ ഇന്ധനവില 112 ശതമാനം വരെയും മലേഷ്യയിൽ 70 ശതമാനത്തിലധികവും വർധിച്ച കണക്കുകൾ നിരത്തിയായിരുന്നു മന്ത്രിയുടെ വിശദീകരണം. ആഗോള വിപണിയിലെ അസ്ഥിരതയ്ക്കിടയിലും ജനങ്ങൾക്ക് മുൻഗണന നൽകുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് ഇന്ത്യ കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണിയിൽ വലിയ സമ്മർദമുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖല സുരക്ഷിതമാണെന്നും ഐഒസിഎൽ റിഫൈനറീസ് ഡയറക്ടർ അരവിന്ദ് കുമാർ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ മൂലം ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇത്തരമൊരു ചെറിയ വില വർധനവിലൂടെ വലിയൊരു പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.