02/06/2026
[fontresizer_tawhidurrahmandear_widget]

ബിജെപി സംസ്ഥാനങ്ങളിൽ ഇന്ധനവില 100-ൽ താഴെ; ഏറ്റവും ഉയർന്ന നിരക്ക് ഇൻഡ്യ സഖ്യം ഭരിക്കുന്ന ഇടങ്ങളിൽ-കാരണം ഇതാണ്

 ബിജെപി സംസ്ഥാനങ്ങളിൽ ഇന്ധനവില 100-ൽ താഴെ; ഏറ്റവും ഉയർന്ന നിരക്ക് ഇൻഡ്യ സഖ്യം ഭരിക്കുന്ന ഇടങ്ങളിൽ-കാരണം ഇതാണ്

ന്യൂഡൽഹി: രാജ്യത്ത് പത്ത് ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില വർധിപ്പിച്ചതോടെ പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ രാഷ്ട്രീയ യുദ്ധം മുറുകുകയാണ്. പുതിയ വർധനയോടെ ലിറ്ററിന് ആകെ അഞ്ചു രൂപയാണ് കൂടിയത്. എന്നാൽ രാജ്യമൊട്ടാകെ വില വർധിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന കണക്കുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമ്പോൾ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ വില കുതിച്ചുയരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന ഉയർന്ന വാറ്റ് നിരക്കുകളാണെന്നും കേന്ദ്രം ആരോപിക്കുന്നു.

യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധിയും അതുവഴിയുണ്ടായ ആഗോള വിതരണ തടസ്സങ്ങളും ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചിരുന്നു. മാർച്ച് 27-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് കേന്ദ്രം കുറച്ചത്. ഇതോടെ പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് മൂന്നു രൂപയായും ഡീസലിന്റേത് പൂജ്യമായും കുറഞ്ഞിരുന്നു.

കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിന്റെ പൂർണ ആനുകൂല്യം ജനങ്ങൾക്ക് നൽകുകയും തങ്ങളുടെ വാറ്റ് നിരക്കുകളിൽ ഇളവ് വരുത്തുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള ‘ഇൻഡ്യ’ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് നിരക്കുകൾ കുറയ്ക്കാൻ തയ്യാറായില്ലെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി അടിസ്ഥാന വിലയ്ക്ക് മുകളിൽ ശതമാനക്കണക്കിൽ കണക്കാക്കുന്നതിനാലാണ് ഉപഭോക്താക്കൾക്ക് വലിയ തുക നൽകേണ്ടി വരുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

പുതിയ നിരക്ക് വന്ന ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലാണ്. ലിറ്ററിന് 117.8 രൂപ. കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ആണ് ആന്ധ്ര ഭരിക്കുന്നത്. ഇവിടെ 31 ശതമാനം വാറ്റും, ലിറ്ററിന് നാലു രൂപ അധിക ഫീസും, റോഡ് വികസന സെസ്സും ഉൾപ്പെടെ ഏകദേശം 35 ശതമാനത്തോളമാണ് മൊത്തം സംസ്ഥാന നികുതി. ആന്ധ്ര കഴിഞ്ഞാൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയും കേരളവുമാണ് തൊട്ടുപിന്നിൽ. തെലങ്കാനയിൽ പെട്രോൾ വില ലിറ്ററിന് 115.7 രൂപയും കേരളത്തിൽ 112.3 രൂപയുമാണ്. ഉയർന്ന വാറ്റ് നിരക്കുകൾക്ക് പുറമെ അധിക സെസ്സുകളും രണ്ടു സംസ്ഥാനങ്ങൾ ഈടാക്കുന്നുണ്ട്.

അതേസമയം, പശ്ചിമ ബംഗാൾ, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില ലിറ്ററിന് 108 രൂപ മുതൽ 111.4 രൂപ വരെയുള്ള നിരക്കുകളിലാണ്. കേന്ദ്ര നികുതിയിളവിന് ആനുപാതികമായി സംസ്ഥാന നികുതി കുറച്ച ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ ബിജെപി ഭരണ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും പെട്രോൾ വില രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഇവിടെ ലിറ്ററിന് 99.1 രൂപ മുതൽ 99.7 രൂപ വരെയാണ് വില. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ ലിറ്ററിന് 101.1 രൂപയാണ് പെട്രോൾ നിരക്ക്.

ഉയർന്ന വാറ്റ് നിരക്കുകൾ ഈടാക്കുന്ന സംസ്ഥാനങ്ങൾ അത് 20 ശതമാനത്തിനടുത്തേക്ക് കുറയ്ക്കണമെന്നും അടിസ്ഥാന സൗകര്യ സെസ്സുകൾ ഒഴിവാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ വ്യതിയാനവും കേന്ദ്രത്തിന്റെ വിലനിർണയ നയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വാദം. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി അടിസ്ഥാന വിലയ്ക്ക് മുകളിൽ ശതമാനക്കണക്കിൽ ആയതിനാൽ, എണ്ണക്കമ്പനികൾ വില കൂട്ടുമ്പോൾ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും തനിയെ ഉയരുകയാണ് ചെയ്യുന്നത്.

Also read: