20/07/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപിനെ ഞങ്ങൾ കൊല്ലും, തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം’; ഖാംനഇയുടെ വിലാപയാത്രയിൽ അമേരിക്കൻ പ്രസിഡന്റിനെതിരെ വധഭീഷണിയുമായി ഇറാൻ

 ‘ട്രംപിനെ ഞങ്ങൾ കൊല്ലും, തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം’; ഖാംനഇയുടെ വിലാപയാത്രയിൽ അമേരിക്കൻ പ്രസിഡന്റിനെതിരെ വധഭീഷണിയുമായി ഇറാൻ

തെഹ്റാൻ: യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ വിലാപയാത്രയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വധഭീഷണി മുഴക്കി ഇറാൻ ജനത. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്നെഴുതിയ കൂറ്റൻ ചുവപ്പൻ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ തെഹ്റാനിലെ തെരുവുകളിൽ അണിനിരന്നത്.

വിലാപയാത്രയിലുടനീളം അമേരിക്കയ്ക്കും ട്രംപിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ട്രംപിനെ വധിക്കുന്നവർക്ക് 100 മില്യൺ ഡോളർ (ഏകദേശം 830 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും ജനക്കൂട്ടത്തിനിടയിൽ ഉയർന്നു നിന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നിം’ ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ‘രക്തസാക്ഷിയായ ഖാംനഇയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാനിയൻ മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികൾക്കും ഇറാൻ പതാകകൾക്കും ഒപ്പമാണ് ജനങ്ങൾ പ്രതിഷേധവുമായി ഒഴുകിയെത്തിയത്.

ചടങ്ങിൽ സംസാരിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി പ്രതികാരത്തിനായി ജനങ്ങളോട് ആഹ്വാനം ചെയ്തു. “നമ്മുടെ നേതാവിനെ കൊന്നവനെ നമ്മൾ എന്തുകൊണ്ട് കൊലപ്പെടുത്തുന്നില്ല? ലോകത്തിലെ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമുക്ക് അപമാനമാണ്,” എന്ന് റസൂലി പറഞ്ഞു.

അതേസമയം, വിലാപയാത്രയിലെ ഭീഷണികളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒത്തുകൂടിയ ഈ വേളയിൽ അമേരിക്ക വിചാരിച്ചാൽ ഒറ്റ ആക്രമണത്തിൽ അവരെ ഇല്ലാതാക്കാൻ കഴിയുമെന്നും, എന്നാൽ തങ്ങൾ അതിന് മുതിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിടാനാണ് താല്പര്യമെന്ന് ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 28-ന് തെഹ്റാനിലെ ഖാംനഇയുടെ വസതി ലക്ഷ്യമാക്കി നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവർക്കും ജീവൻ നഷ്ടമായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാനെ നയിച്ചിരുന്ന ഖാംനഇയുടെ മരണത്തോടെയാണ് ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന് തുടക്കമായത്.

ഖാംനഇയുടെ പിൻഗാമിയായി മകൻ മുജ്തബ ഖാംനഇ ഇറാന്റെ പുതിയ പരമോന്നത നേതാവായി ഇതിനകം ചുമതലയേറ്റിട്ടുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പിതാവിന്റെ വിലാപ ചടങ്ങുകളിൽ പങ്കെടുത്തില്ല.

Also read: