21/07/2026
[fontresizer_tawhidurrahmandear_widget]

ഇറാനിലേക്ക് ക്ഷണം; ഖാംനഇയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് മെഹബൂബ മുഫ്തി

 ഇറാനിലേക്ക് ക്ഷണം; ഖാംനഇയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് മെഹബൂബ മുഫ്തി

ന്യൂഡൽഹി: ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. ഇറാനിലെ പരമോന്നത നേതാവിൻ്റെ ഓഫീസിൽ നിന്നും ഔദ്യോഗിക ക്ഷണം ലഭിച്ചതായും ജൂലൈ ആറിന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട അതിഥിയായാണ് മെഹബൂബ മുഫ്തിയെ ക്ഷണിച്ചിരിക്കുന്നത്.

ഇവരെക്കൂടാതെ ബി.ജെ.പി. നേതാവ് നിതിൻ നബീൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കും ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അത്താ ഹസനൈൻ എന്നിവരാകും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

2026 മാർച്ച് ഒന്നിന് ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര, വിദേശ നയങ്ങളെ ശക്തമായി സ്വാധീനിച്ച അദ്ദേഹം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവാണ്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മകൻ മുജ്‌തബ ഖാംനഇയെ പുതിയ പിൻഗാമിയായി ഇറാൻ തെരഞ്ഞെടുത്തിട്ടുണ്ട്. അമേരിക്കയുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ഇറാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വിപുലമായ ക്ഷണങ്ങൾ നൽകിയിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ, പാകിസ്താൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കൾക്കും സംസ്കാര ചടങ്ങിലേക്ക് ക്ഷണമുണ്ട്.

Also read: