21/07/2026
[fontresizer_tawhidurrahmandear_widget]

ഖാംനഇയുടെ മൃതദേഹത്തിനരികെ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പലടക്കാനാവാതെ ഇറാൻ ജനത

 ഖാംനഇയുടെ മൃതദേഹത്തിനരികെ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പലടക്കാനാവാതെ ഇറാൻ ജനത

തെഹ്റാൻ: അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് ശനിയാഴ്ച തുടക്കമായി. ഇറാന്റെ ദേശീയ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം തെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയിലാണ് പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ഖാംനഇക്കൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് ബന്ധുക്കളുടെ മൃതദേഹങ്ങളും ഇവിടെ അന്തിമോപചാരത്തിനായി വെച്ചിട്ടുണ്ട്. ഇതിൽ ജനങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഖാംനഇയുടെ കൊച്ചുമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്‌റ മുഹമ്മദി ഗൊൽപായെഗനിയുടെ ചെറിയ ശവപേടകമാണ്. കുഞ്ഞുപേടകത്തിനരികിൽ സഹ്‌റയുടെ മനോഹരമായ ഒരു ചിത്രവും വെച്ചിട്ടുള്ളത് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ ആയിരക്കണക്കിന് ആളുകളാണ് കണ്ണീരോടെ പ്രാർത്ഥനകളിൽ പങ്കുചേരുന്നത്.

യുദ്ധത്തിന് താത്കാലികമായെങ്കിലും ശമനം വന്നതിന് ശേഷമാണ് ഇറാൻ തങ്ങളുടെ പ്രിയ നേതാവിന് വിട നൽകാനൊരുങ്ങുന്നത്. മൂന്ന് ദിവസമാണ് ഖാംനഇയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഗ്രാന്റ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങുകളാക്കി ഇതിനെ മാറ്റാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത എന്നിവർ ഉൾപ്പെടെയുള്ള നിരവധി വിദേശ പ്രതിനിധികൾ ചടങ്ങുകളിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. തെഹ്‌റാനിലെ ചടങ്ങുകൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ ഇറാഖിലെ പുണ്യനഗരങ്ങളായ നജഫ്, കർബല എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികളടക്കം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന ഖബറടക്ക ചടങ്ങുകൾ ജൂലൈ ഒൻപതിന് വ്യാഴാഴ്ച ഖാംനഇയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസയുടെ ആരാധനാലയത്തിൽ വെച്ച് നടക്കും. എന്നാൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് ഖാംനഇയുടെ മകൻ മുജ്തബ ഖാംനഇ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also read: