അലി ഖാംനഇയുടെ അന്ത്യയാത്ര; പിൻഗാമി മുജ്തബ എവിടെ? ഇറാനിൽ ദുരൂഹത പുകയുന്നു
തെഹ്റാൻ: തെഹ്‌റാനിലെ ഇമാം ഖൊമൈനി ഗ്രാൻഡ് മൊസല്ലയിൽ നടന്ന ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖാംനഇയുടെ സംസ്‌കാരച്ചടങ്ങുകളിൽ നിലവിലെ പരമോന്നത നേതാവും മകനുമായ മുജ്‌തബ ഖാംനഇ പങ്കെടുക്കാതിരുന്നത് വലിയ ദുരൂഹതകൾക്ക് വഴിവെക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മറ്റ് മക്കളായ മൊസ്തഫ, മെയിസം, മസൂദ് എന്നിവരും മറ്റ് നാല് കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പിതാവിനൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാംനഇയുടെ മകൾ, മരുമകൻ, മരുമകൾ, പതിനാല് മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ എന്നിവരുടെ മൃതദേഹങ്ങളും പൊതുദർശനത്തിന് വെച്ചിരുന്നു. ചടങ്ങുകൾക്കിടെ മസൂദ് ഖമനേയി വിതുമ്പിക്കരയുന്നതും, ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ കഫിയ ഉപയോഗിച്ച് കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിന്ന മുജ്തബ ഖാംനഇയുടെ ആരോഗ്യനിലയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പിതാവിന്റെ ജീവനെടുത്ത അതേ ആക്രമണത്തിൽ അദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സംശയിക്കപ്പെടുന്നത്. മുജ്തബയുടെ മുഖത്തിനും കാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ സംസ്‌കാരച്ചടങ്ങുകളാണ് അലി ഖാംനഇക്കായി ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ചടങ്ങിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് എന്നിവർ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ മൊസല്ലയിലേക്ക് ഒഴുകിയെത്തിയത്. തിങ്കളാഴ്ച തെഹ്‌റാനിൽ നടക്കുന്ന വൻ റാലിക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ഷിയാ മതപഠന കേന്ദ്രമായ ഖൂമിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച അയൽരാജ്യമായ ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഇതിനുശേഷം വ്യാഴാഴ്ച മൃതദേഹം തിരികെ ഇറാനിലെ മഷ്ഹദിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.