21/07/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി ഇറാൻ

 ‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി ഇറാൻ

ടെഹ്‌റാൻ: അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണം ഇറാനിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചുവെന്ന് ഇറാനിയൻ നയതന്ത്ര വിദഗ്ധർ. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം ഖാംനഇയുടെ മൃതദേഹം ഇന്ന് മശ്ഹദിൽ സംസ്‌കരിക്കും. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെല്ലാം ഖാംനഇയുടെ മരണത്തോടെ ഇല്ലാതായെന്നും, രാജ്യം ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ഗവേണൻസ് ആൻഡ് പോളിസി തിങ്ക്ടാങ്ക് (ജി.പി.ടി.ടി) സ്ഥാപകൻ പ്രൊഫ. സയ്യിദ് ഇമാമിയനും അന്താരാഷ്ട്ര വിഭാഗം തലവൻ അലി സലേഹിയാനും എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.

ഖാംനഇയുടെ മരണം ഇറാനിയൻ സമൂഹത്തിൽ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രൊഫ. സയ്യിദ് ഇമാമിയൻ വ്യക്തമാക്കി. രാജ്യത്തിനകത്ത് രാഷ്ട്രീയപരവും സാംസ്‌കാരികവുമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇറാനിയൻ സംസ്‌കാരത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി രാജ്യത്തിന്റെ അസ്തിത്വത്തിന് തന്നെ വെല്ലുവിളിയായതോടെ ജനങ്ങൾ ഒറ്റക്കെട്ടായി. മിനാബ് സ്‌കൂളിലെ 170 കുട്ടികളടക്കം നാലായിരത്തിലധികം സാധാരണക്കാരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെ പിഞ്ചുകുട്ടികളെപ്പോലും കൊന്നൊടുക്കുന്നത് കണ്ടതോടെ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് വിദേശ ആക്രമണകാരികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചുവെന്ന് അലി സലേഹിയാൻ പറഞ്ഞു.

ജനുവരിയിൽ സർക്കാരിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളുണ്ടായിരുന്നതായും ഇവർ ആരോപിച്ചു. പതിറ്റാണ്ടുകളായുള്ള അമേരിക്കയുടെ ഉപരോധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ ജനങ്ങളെ ബാധിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ ഈ പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്തത് ‘മൊസ്സാദ് ഏജന്റുമാരാണെന്ന്’ സയ്യിദ് ഇമാമിയൻ ആരോപിച്ചു. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും രാജ്യത്തെ വിഭജിക്കാനുമുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും തന്ത്രമായിരുന്നു അത്. ഇതൊരു സാധാരണ യുദ്ധമല്ലെന്നും, കൃത്യമായി ആസൂത്രണം ചെയ്തുള്ള ഇൻഫോമേഷൻ വോർഫെയർ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്നതാണ് ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യമെന്നും, ആക്രമണകാരികളെ ശിക്ഷിച്ചുവെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഇവർ വ്യക്തമാക്കി. യുദ്ധത്തിനിടെ അയൽരാജ്യങ്ങളെ ഇറാൻ ആക്രമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളുടെ യുദ്ധം അയൽക്കാരോടല്ലെന്നും, അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളോടാണെന്നും അലി സലേഹിയാൻ മറുപടി നൽകി. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ അമേരിക്കൻ താവളങ്ങൾ ഇല്ലാതാക്കാൻ ഇറാനെ അനുവദിക്കണമെന്നും, അമേരിക്കൻ സൈനിക താവളങ്ങളാണ് മേഖലയിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

Also read: