‘എല്ലാം നുണക്കഥ’; മുജ്തബ ഖാംനഇ പൂർണ ആരോഗ്യവാനെന്ന് കാട്ടുന്ന വിഡിയോ പുറത്തുവിട്ട് ഇറാൻ
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ വിഡിയോ പുറത്തുവിട്ടു. ചുറ്റുമുള്ള ആളുകൾക്കിടയിൽ ഇരുന്ന് മുജ്തബ ഊർജസ്വലനായി സംസാരിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഫെബ്രുവരി 28ലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
സംസാരത്തിനിടയിൽ കൈകൾ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും വിഡിയോയിൽ കാണാം. അതേസമയം, വിഡിയോ ചിത്രീകരിച്ച തീയതിയോ സമയമോ വ്യക്തമല്ല. മുജ്തബ ആശുപത്രിയിലാണെന്നും നേതൃപദവി ഉടൻ ശൂന്യമാകുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആയത്തുല്ല ഖാംനഇയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കടുക്കാതിരുന്നതും ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടതടക്കം ഗുരുതര പരിക്കേറ്റെന്ന അഭ്യൂഹങ്ങളും പ്രചരിച്ചതോടെയാണ് ഇറാൻ വിഡിയോ പുറത്തുവിട്ടത്.
അതിനിടെ, അമേരിക്കയും ഇസ്രയേലും നടത്തിയ അധിനിവേശ യുദ്ധത്തിൽ ഇറാനാണ് വിജയിച്ചതെന്നും സമാധാന കരാറിലെത്താൻ ഇതാണ് അനുയോജ്യമായ സമയമെന്നും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. ഇനി സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.