18/08/2026
[fontresizer_tawhidurrahmandear_widget]

മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

 മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനി ഭരണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ ‘ചാനൽ 14’, ‘ജറുസലേം പോസ്റ്റ്’ എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഖാംനഇയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങൾ ഭരണവൃത്തങ്ങൾക്കിടയിൽ തന്നെ ശക്തമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്- ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്‌തബ ഖാംനഇ ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേൽക്കുന്നത്. എന്നാൽ ചുമതലയേറ്റെടുത്ത ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഔദ്യോഗിക പ്രസ്താവനകളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തുന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബ ഖാംനഇക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മുഖത്തിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തേ ഖാംനഇയുമായി നേരിട്ടുള്ള ആശയവിനിമയം നിലവിൽ ‘വളരെ ബുദ്ധിമുട്ടാണെന്ന്’ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. ഇതിനിടെ സുരക്ഷാ കാരണങ്ങളാൽ മുജ്‌തബ ഒളിവിൽ കഴിയുകയാണെന്നും ഉന്നത ഉദ്യോഗസ്ഥരുമായി പോലും ഇടനിലക്കാർ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നും വിവരങ്ങൾ പുറത്തുവന്നു. പരിക്കുകൾ നിസ്സാരമാണെന്നാണ് ഇറാൻ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക വൃത്തങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും മുജ്‌തബയുടെ അസാന്നിധ്യത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഇതിനകം രാജ്യാന്തര തലത്തിലും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടർച്ചയായുള്ള പൊതുവേദികളിലെ അസാന്നിധ്യം തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാൽ തന്ത്രപരമായ നിർദ്ദേശങ്ങൾ അദ്ദേഹം ഇപ്പോഴും നൽകുന്നുണ്ടെന്നാണ് ഇറാന്റെ ഭരണകേന്ദ്രം അവകാശപ്പെടുന്നത്.

അടുത്തിടെ നടന്ന പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നിന്നും മുജ്തബ വിട്ടുനിന്നിരുന്നു. ഇറാൻ പരമോന്നത നേതാവായി മുജ്‌തബ ഖാംനഇ അധികാരമേറ്റതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങായിരിക്കും ഇതെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സ്വന്തം പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ മകൻ എത്താത്തത് മുജ്‌തബയുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തി പകരുകയായിരുന്നു. ജൂലൈയിൽ സൗദി വാർത്താ ഏജൻസിയായ അൽ-ഹദാത്തും ഖാംനഇ ഇറാനിൽ ഇല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.

Also read: