20/07/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ മിസൈലുകൾ തടുക്കാൻ ‘അയൺ ഡോമി’ന്റെ കരുത്തു കൂട്ടി ഇസ്രയേൽ | Iron Dome

 ഇറാൻ മിസൈലുകൾ തടുക്കാൻ ‘അയൺ ഡോമി’ന്റെ കരുത്തു കൂട്ടി ഇസ്രയേൽ | Iron Dome

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ തങ്ങളുടെ വിശ്വസ്ത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട കനത്ത പാളിച്ചകൾക്ക് പിന്നാലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിൽ പുതിയ അഴിച്ചുപണിയുമായി ഇസ്രയേൽ(Iron Dome). പേരുകേട്ട എയർ ഡിഫൻസ് സംവിധാനമായ ‘അയൺ ഡോമും’, പുതുതായി വികസിപ്പിച്ച അത്യാധുനിക ലേസർ പ്രതിരോധ സംവിധാനമായ ‘അയൺ ബീമും’ സംയോജിപ്പിച്ചുള്ള പരീക്ഷണം ഇസ്രയേൽ വിജയകരമായി പൂർത്തിയാക്കി. ഇറാന്റെ ഏത് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധിക്കാൻ കരുത്തുള്ള സംവിധാനമാണ് ഒരുങ്ങുന്നതെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെ നടന്ന യുദ്ധത്തിൽ ഇറാന്റെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ തടയുന്നതിൽ ‘അയൺ ഡോം’, ‘ആരോ’ ഉൾപ്പെടെയുള്ള ഇസ്രയേലിന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ പ്രതിരോധ വ്യൂഹവും വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നു. ശത്രുക്കളുടെ മിസൈലുകൾ ഇസ്രയേലിന്റെ പ്രതിരോധ കോട്ട ഭേദിച്ച് തന്ത്രപ്രധാന മേഖലകളിൽ പതിച്ചു. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. ഇത്തരത്തിലുള്ള കനത്ത ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ലേസർ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്താൻ ഇസ്രയേൽ അടിയന്തരമായി നിർബന്ധിതരായത്.

അയണ്‍ ഡോം: ലേസർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പരീക്ഷണം

ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗമായ ഡി.ഡി.ആർ.എൻ.ഡി, പ്രമുഖ പ്രതിരോധ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് എന്നിവർ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ആകാശത്ത് ഒരേസമയം എത്തിയ ഒന്നിലധികം തരം ഭീഷണികളെ ‘അയൺ ഡോമിന്റെ’ തമീർ ഇന്റർസെപ്റ്റർ മിസൈലുകളും ‘അയൺ ബീമിന്റെ’ ഉയർന്ന ശേഷിയുള്ള ലേസർ രശ്മികളും ഒന്നിച്ച് ചേർന്നാണ് തകർത്തത്.

വ്യോമപ്രതിരോധ രംഗത്ത് ആദ്യമായിട്ടാണ് മിസൈലുകളും ലേസർ പൾസുകളും ഒരൊറ്റ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിന് കീഴിൽ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുന്നത്. ശത്രുക്കളുടെ ഡ്രോണുകളെയും റോക്കറ്റുകളെയും റഡാറുകൾ കണ്ടെത്തുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ഏത് ലക്ഷ്യത്തിന് നേരെയാണ് മിസൈൽ അയക്കേണ്ടതെന്നും, ഏതിനെയാണ് ലേസർ ഉപയോഗിച്ച് കരിച്ചു കളയേണ്ടതെന്നും ഈ സംയുക്ത സംവിധാനം സ്വയം തീരുമാനിക്കും.

അയണ്‍ ഡോം+അയൺ ബീം നേട്ടങ്ങൾ

നിലവിലുള്ള അയൺ ഡോം സംവിധാനത്തിന്റെ മറ്റൊരു വലിയ വെല്ലുവിളി അതിന്റെ കടുത്ത നിർമാണച്ചെലവാണ്. ശത്രുക്കൾ വിക്ഷേപിക്കുന്ന ചെറിയൊരു സാധാരണ റോക്കറ്റിനെ തകർക്കാൻ അയൺ ഡോമിന്റെ ഒരു തമീർ മിസൈൽ വിക്ഷേപിക്കുമ്പോൾ വലിയ തുക ഇസ്രയേലിന് ചെലവ് വരുന്നുണ്ട്. യുദ്ധം നീണ്ടുപോകുമ്പോൾ കോടിക്കണക്കിന് ഡോളറിന്റെ മിസൈലുകൾ ഇത്തരത്തിൽ തീർന്നുപോകുന്നത് കടുത്ത ആയുധ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നു.

എന്നാൽ, പുതിയ ‘അയൺ ബീം’ ലേസർ സംവിധാനം പൂർണമായി സജ്ജമാകുന്നതോടെ ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകും. ഒരു ലേസർ പൾസ് വിക്ഷേപിക്കാൻ വെറും രണ്ടു ഡോളർ മാത്രമാണ് വൈദ്യുതി ചെലവായി വരുന്നത്. മിസൈലുകൾ തീർന്നുപോകുന്നത് പോലെ ലേസർ രശ്മികൾ ഒരിക്കലും തീർന്നുപോകില്ല. വൈദ്യുതി വിതരണം ഉള്ളിടത്തോളം കാലം എത്ര ലക്ഷ്യങ്ങളെ വേണമെങ്കിലും തുടർച്ചയായി തകർക്കാൻ ഇതിന് സാധിക്കും. പ്രകാശത്തിന്റെ വേഗതയിലാണ് ലേസർ സഞ്ചരിക്കുന്നത് എന്നതിനാൽ വിക്ഷേപിച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷ്യം തകർക്കപ്പെടും.

കനത്ത മൂടൽമഞ്ഞുള്ളപ്പോഴോ മഴക്കാലത്തോ ലേസർ രശ്മികളുടെ പ്രഹരശേഷി കുറയാൻ സാധ്യതയുള്ളതിനാലാണ്, കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ ഇന്റർസെപ്റ്റർ മിസൈലുകളെ ഉപയോഗിക്കാൻ തക്കവണ്ണം അയൺ ഡോമിനെ ഇതിനൊപ്പം നിലനിർത്തുന്നത്.

Israel Tests Iron Dome and Iron Beam Following Air Defense Failures Against Iran

Also read: