‘ബൈപ്പാസ് സർജറി കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും കേട്ടില്ല, ബൂട്ടിട്ട് ചവിട്ടി, വടികൊണ്ടടിച്ചു’; വ്യാജ പീഡന പരാതിയിൽ പൊലീസിനെതിരെ യുവാവ്
പത്തനംതിട്ട: കൂടലിൽ 13-കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച 20-കാരൻ നിയമനടപടിയിലേക്ക്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും കൂടൽ പൊലീസ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവാവ് വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനാണ് യുവാവിന്റെ തീരുമാനം.
തന്റെ കാൽവെള്ളയിൽ വടികൊണ്ട് അടിച്ചെന്നും, കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടിയെന്നും യുവാവ് പറഞ്ഞു. കൂടാതെ ചെവിയിലും മുടിയിലും പിടിച്ചുവലിച്ചതായും, എന്തിനാണ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് പോലും ആദ്യം അറിയില്ലായിരുന്നു എന്നും യുവാവ് വെളിപ്പെടുത്തി. ബൈപ്പാസ് സർജറി കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേൾക്കാൻ തയാറായില്ലെന്ന് യുവാവിന്റെ സഹോദരൻ ആരോപിച്ചു. ചെയ്യാത്ത തെറ്റിനാണ് തങ്ങൾ ശിക്ഷ അനുഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കൊടുമൺ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പതിമൂന്നുകാരി പത്ത് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് നൽകിയ വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പിന്നീട് നടത്തിയ വൈദ്യപരിശോധനയിലും വിശദമായ ചോദ്യം ചെയ്യലിലും പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു. സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.