21/07/2026
[fontresizer_tawhidurrahmandear_widget]

‘മൂന്നു കോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ഫോൺ, വിളിവന്നത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽനിന്ന് എന്ന വ്യാജേന

 ‘മൂന്നു കോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ഫോൺ, വിളിവന്നത് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽനിന്ന് എന്ന വ്യാജേന

വിദ്യാ ബാലകൃഷ്‌ണൻ

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്‌ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്‌ണന് ഡൽഹിയിൽനിന്ന് ദുരൂഹ ഫോൺവിളി. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്ന് വ്യാജേനയാണ് വിളി വന്നത്. സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർസെൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് ആറിനാണ് വിദ്യാ ബാലകൃഷ്‌ണന് വാട്‌സാപ്പ് കോൾ ലഭിക്കുന്നത്. വയനാട് എം.പി.യുടെ ഓഫീസിൽനിന്ന് രാജ്‌കുമാർ എന്ന വ്യക്തിയാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു കോൺഗ്രസ് എം.പി.യാണ് വിദ്യയുടെ ഫോൺ നമ്പർ തന്നതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നു അപരിചിതന്റെ സംസാരം. സംഭാഷണം നീണ്ടതോടെ സംശയം തോന്നിയ എം.എൽ.എ, തന്ത്രപരമായി പണം നൽകാമെന്ന് വ്യാജേന വാഗ്‌ദാനം ചെയ്യുകയായിരുന്നു. തുടർന്ന്, തനിക്ക് ഫോൺനമ്പർ നൽകിയെന്ന് വിളിച്ചയാൾ അവകാശപ്പെട്ട ജില്ലയിലെ എം.പി.യെ വിദ്യ ഉടൻ തന്നെ വിവരമറിയിച്ചു. എ.ഐ.സി.സി ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ തന്നെ വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പറുകൾ വാങ്ങിയിരുന്നുവെന്നും ഈ എം.പി വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.

ഇതോടെ ജനപ്രതിനിധികൾ രണ്ടുപേരും ചേർന്ന് എ.ഐ.സി.സി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായും നേരിട്ട് ബന്ധപ്പെട്ടു. എന്നാൽ ഓഫീസിൽനിന്ന് അത്തരമൊരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, കഴിഞ്ഞ 11-ാം തീയതി കോഴിക്കോട് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഡൽഹിയിൽനിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും പാർട്ടി നേതൃത്വമാണ് കാര്യങ്ങൾ പറയേണ്ടതെന്നും എം.എൽ.എ വിദ്യാ ബാലകൃഷ്‌ണൻ വ്യക്തമാക്കി.

Also read: