‘ഹിന്ദുമതത്തെ ആക്ഷേപിച്ചു’: നടൻ വി.കെ ശ്രീരാമന്റെ പേരിൽ വ്യാജ വിദ്വേഷപ്രചാരണം
തൃശൂർ: നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ ശ്രീരാമന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രവും വ്യാജ പ്രസ്താവനയും ഉൾപ്പെടുത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ‘വി.കെ ശ്രീകുമാർ’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടന്നത്.
“ഹിന്ദുമതത്തിന്റെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, എന്നാൽ ഇസ്ലാം മതത്തിന്റെ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല” എന്ന് വി.കെ ശ്രീരാമൻ പറഞ്ഞതായാണ് പോസ്റ്റുകളിൽ വ്യാജമായി അവകാശപ്പെടുന്നത്.
എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് വി.കെ ശ്രീരാമൻ വ്യക്തമാക്കി. സമൂഹത്തിൽ മനഃപൂർവ്വം മതസ്പർദ്ധ വളർത്താനുള്ള ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യരെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് താൻ കാണാറുള്ളതെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ചിന്ത തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ അധിക്ഷേപിക്കുന്ന ഇത്തരം വിദ്വേഷ പോസ്റ്റുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃശൂർ പുലിക്കളിയുമായി ബന്ധപ്പെട്ട് ശ്രീരാമൻ നടത്തിയ ഒരു പ്രസ്താവന മുൻപ് വിവാദമായിരുന്നുവെങ്കിലും, അതിൽ വിദ്വേഷപരമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിന്നീട് അത് പിൻവലിച്ചിരുന്നു.