19/10/2026
[fontresizer_tawhidurrahmandear_widget]

‘ശശികല പറയുന്നത് വൃത്തികേട്; മുസ്‍ലിമി​ന്റെ കൂടെ രണ്ട് ഹിന്ദുക്കൾ പോയത് എന്തിനാ എന്നാണ് ചോദിച്ചത്; അല്‌പം മാനുഷിക മര്യാദ കാണിക്കണം’; വ്യാജപ്രചാരണങ്ങൾക്കെതിരെ മിനികൂപ്പർ ഇടിച്ച് മരിച്ച ഗോപികയുടെ കുടുംബം

 ‘ശശികല പറയുന്നത് വൃത്തികേട്; മുസ്‍ലിമി​ന്റെ കൂടെ രണ്ട് ഹിന്ദുക്കൾ പോയത് എന്തിനാ എന്നാണ് ചോദിച്ചത്; അല്‌പം മാനുഷിക മര്യാദ കാണിക്കണം’; വ്യാജപ്രചാരണങ്ങൾക്കെതിരെ മിനികൂപ്പർ ഇടിച്ച് മരിച്ച ഗോപികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ട വിദ്യാർഥിനികളെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കും വർഗീയ പരാമർശങ്ങൾക്കുമതിരെ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഉൾപ്പെടെയുള്ളവർ നടത്തുന്ന അധിക്ഷേപകരമായ പ്രസ്താവനകൾക്കെതിരെ കരിമ്പ ഇടക്കുർശ്ശി നിലാറ്റ മുള്ളൻകുഴിയിൽ ഓട്ടോ ഡ്രൈവറായ പിതാവ് പ്രദീപ് കുമാറും മാതാവ് സജിതയും പിതൃസഹോദരൻ എം.ആർ അനിൽകുമാറും വാർത്താസമ്മേളനത്തിലാണ് കടുത്ത പ്രതിഷേധം അറിയിച്ചത്.

“ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ എന്തെല്ലാം വൃത്തികേടാണ് സമൂഹത്തോട് പറഞ്ഞുകൊണ്ടിടുന്നത്? ഒരു മുസ്‌ലിം കുട്ടിയുടെ കൂടെ എന്തിനാണ് രണ്ട് ഹിന്ദു പെൺകുട്ടികൾ പോയത് എന്നൊക്കെ ചോദിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബത്തിനെതിരെ ആയിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇത് ഷെയർ ചെയ്യുന്നത്,” കുടുംബം വ്യക്തമാക്കി.

കുടുംബത്തിന്റെ പൂർണ അനുമതിയോടെയാണ് ഗോപിക തൃക്കാക്കര സുക്കായാ സ്റ്റേഷനറി മാർട്ടിൽ ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിലെ ഒരു ഫ്ലോറിന്റെ ഇൻചാർജും സാമ്പത്തിക കാര്യങ്ങളുടെ ഹെഡുമായിരുന്നു ഗോപിക. ഡാറ്റാ അനാലിറ്റിക്സ് കോഴ്സ് പഠിക്കുന്നതോടൊപ്പം, ഓട്ടോ തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്താണ് അവൾ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. കണക്കുകൾ തീർത്ത് രാത്രി 10 മണിക്ക് ശേഷം ഷോപ്പ് അടച്ചാണ് അവൾ സാധാരണ മടങ്ങാറുള്ളത്.

അപകടം നടന്ന ദിവസം ജോലി കഴിഞ്ഞ് റൂമിൽ എത്തി വസ്ത്രം മാറി ഭക്ഷണം കഴിക്കാനായി എയർപോർട്ടിന് സമീപത്തെ ഫുഡ് കോർട്ടിലേക്ക് പോകുമ്പോഴാണ് മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിച്ചത്. യാത്ര പോകുന്നതിന് മുൻപ് അവൾ അച്ഛനെ വിളിച്ച് വിവരം പറഞ്ഞിരുന്നുവെന്നും, മാതാപിതാക്കളുടെ അറിവില്ലാതെ അവൾ എവിടേക്കും പോകാറില്ലെന്നും കുടുംബം വ്യക്തമാക്കി. “പെൺകുട്ടികൾ എന്തിനാണ് രാത്രിയിൽ ഇറങ്ങി നടക്കുന്നത് എന്നാണ് ശശികല ചോദിക്കുന്നത്. അതും ഒരു മുസ്ലിം ചെറുക്കന്റെ കൂട്ടത്തിൽ രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തിനാണ് പോയത് എന്ന മട്ടിലാണ് ചോദ്യങ്ങൾ. ശശികലയാണ് സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുന്നതിന് കാരണമായത്. അതിനോടുള്ള ശക്തമായ വിയോജിപ്പ് ഞങ്ങൾ പ്രകടിപ്പിക്കുന്നു,” കുടുംബം പറഞ്ഞു.

അപകടം നടന്നതിനുശേഷം സർക്കാരിന്റെ യാതൊരുവിധ ഔദ്യോഗിക സംവിധാനങ്ങളും തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മന്ത്രിമാരും എം.പിമാരും വന്നെങ്കിലും ഔദ്യോഗികമായി ആരും ഒരു വിവരവും അന്വേഷിച്ചില്ല. പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടക്കുന്നതിനു പകരം ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും എഫ്.ഐ.ആറിൽ മദ്യപിച്ച വിവരം കൃത്യമായി ചേർക്കാത്തതിലും ദുരൂഹതയുണ്ടെന്ന് പിതൃസഹോദരൻ എം.ആർ അനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനായ പ്രതിയെ രക്ഷിക്കാൻ ലക്ഷങ്ങൾ വാരിവിതറുമെന്നും, ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്മാർ നീതിയെ വിലയ്ക്കുവാങ്ങുകയാണോ എന്ന് ഓരോ സാധാരണക്കാരനും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.55-ഓടെ നെടുമ്പാശ്ശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്താണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് തട്ടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Also read: